തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി കേരളത്തില്‍ നിന്ന് മധ്യപ്രദേശിലേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ മദ്യപിച്ച് തമ്മില്‍ തല്ലിയതിനിടെ പിസ്റ്റളും ബുള്ളറ്റുകളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഐആര്‍ ബറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ വിശാഖിന്റെ തോക്കും പത്ത് ബുള്ളറ്റുകളും നഷ്ടമായി. മധ്യപ്രദേശിലെ ഡ്യൂട്ടിയ്ക്ക് ശേഷം രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.
സ്‌പെഷ്യല്‍ ട്രെയിനിലെ ക്യാബിനില്‍ മദ്യപിച്ച് പൊലീസുകാര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ ഐആര്‍ ബറ്റാലിയനിലെ വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
കെഎപി മൂന്നിലെ എഎസ്‌ഐയും കെഎപി നാലിലെ എഎസ്‌ഐയും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് തര്‍ക്കത്തില്‍ ഇല്ലാതിരുന്ന വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ട്രെയിനില്‍ നിന്ന് ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞത് കണ്ടുവെന്ന് പാന്‍ട്രി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ബാഗ് അന്വേഷിച്ച് പത്തംഗ പൊലീസ് സംഘം ഇപ്പോഴും മധ്യപ്രദേശില്‍ തുടരുന്നു. വിഷയത്തില്‍ ഡിജിപി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.