കൊച്ചിയില്‍ പോലീസുകാരന്റെ ഭാര്യയ്ക്കും രക്ഷയില്ല; യുവതിയെ നടുറോഡില്‍ നിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊച്ചിയില്‍ പോലീസുകാരന്റെ ഭാര്യയ്ക്കും രക്ഷയില്ല. പട്ടാപ്പകല്‍ നടുറോഡില്‍ പൊലീസുകാരന്റെ ഭാര്യയെ കാറിലെത്തിയ യുവാക്കള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമാണ് സംഭവം. പോലീസുകാരന്റെ ഭാര്യയായ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കള്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.
കഴിഞ്ഞ 20ന് നടുറോഡില്‍ പട്ടാപ്പകല്‍ ആയിരുന്നു സംഭവം. പച്ചക്കറി വാങ്ങാന്‍ കടയിലേക്ക് പോയ യുവതിയെ രണ്ട് യുവാക്കള്‍ കാറില്‍ കയറ്റാന്‍ ശ്രമം നടത്തി. കാറിലെത്തിയ യുവാക്കള്‍ ആദ്യം തന്നെ ചിരിച്ചുകാണിച്ചെന്ന് യുവതി പറയുന്നു. പരിചയം ഇല്ലാത്തതിനാല്‍ മുന്നോട്ട് നടന്നപ്പോള്‍ ഇവര്‍ പുറകെയെത്തി ബലമായി കാറില്‍ കയറ്റിക്കെണ്ട് പോകാന്‍ ശ്രമിച്ചെന്ന് ഇവര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ആക്രമണത്തില്‍ ഭയന്ന് അടുത്തുള്ള കടയിലേക്ക് ഓടിക്കയറി. പച്ചക്കറികടയില്‍ നിന്ന് ഇറങ്ങിയശേഷവും ഇവര്‍ കാറില്‍ പിന്തുടര്‍ന്നെത്തി കാര്‍ മുന്നില്‍ കയറ്റി നിര്‍ത്തി. പിന്നീട് ഫോണ്‍ ചെയ്തപ്പോള്‍ ഇവര്‍ കാര്‍ മുന്നോട്ട് എടുത്ത് പോകുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഈ സമയം പൊലീസുകാരനായ ഭര്‍ത്താവ് ശബരിമലയില്‍ ഡ്യൂട്ടിയിലായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ നാസര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് പുറകില്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്ന യുവാവാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതായി ഇവര്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.