കേരളം എന്താണ് ഇങ്ങനെ?

കേരളത്തിന് ഇതെന്തു പറ്റി… ചിലയിടത്ത് അപ്രതീക്ഷിത പരാജയം.. ചിലയിടത്ത് പൊട്ടിത്തെറി… എന്താ ആരും ഒന്നും പറയാത്തെ..

അതെ കേരളത്തിന് ഇതെന്തുപറ്റി എന്നാണ് പ്രധാന ചോദ്യം. അഞ്ചു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഭരണമാറ്റമുണ്ടാകുന്ന കേരളത്തിനിതെന്തു പറ്റി എന്നതാവും ചോദിക്കേണ്ടത്.

2016ല്‍ 91 സീറ്റുകളുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിട്ടത് ചില്ലറ പ്രശ്നങ്ങളൊന്നുമല്ല… അധികാരത്തിലെത്തി ഒന്ന് കാലു നീട്ടിയപ്പോഴേക്കും ഓഖി എന്ന ദുരന്തം കേരളത്തെ ചുഴറ്റിയെറിഞ്ഞു..

ഒന്നു നടു നിവര്‍ക്കുമ്പോഴേക്കും മഹാപ്രളയം കേരളത്തെ വിഴുങ്ങി..
പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി.

ആരോപണങ്ങള്‍ കെട്ടടങ്ങുമ്പോഴേക്കും കേരള ജനത ഇതുവരെ കേള്‍ക്കാത്ത നിപ എന്ന വൈറസ് പടര്‍ന്നു തുടങ്ങിയിരുന്നു..
കെട്ടുറപ്പുള്ള ആരോഗ്യ സംവിധാനത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ആ വൈറസ് മുട്ടുമടക്കി മടങ്ങി..

നിപയുടെ രണ്ടാം തരംഗത്തിലും അടിപതറാതെ കേരളം പിടിച്ചുനിന്നു.
ആദ്യപ്രളയത്തിന്റെ നഷ്ടങ്ങള്‍ അവശേഷിക്കെതന്നെ രണ്ടാം പ്രളയവും കേരളത്തിന്റെ നടുവൊടിച്ചു.

ശബരിമല സ്ത്രീ പ്രവേശനവിഷയം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നടപ്പാക്കാനൊരുങ്ങിയ സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നതാവട്ടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍. ഇടതു മുന്നണി കനത്ത പരാജയം നേരിട്ടു. ഇരുപതില്‍ ഒരു സീറ്റിലൊതുങ്ങേണ്ടി വന്നു. സംസ്ഥാനത്തെ ഐക്യ ജനാധിപത്യ മുന്നണിക്കാകട്ടെ 19 സീറ്റ്…

തീര്‍ന്നില്ല കൊവിഡ് എന്ന മഹാമാരി രാജ്യത്താദ്യം വന്നതും നമ്മുടെ കേരളത്തില്‍. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ കരുതലിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തില്‍ വലിയ നാശങ്ങളുണ്ടായില്ല. രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും ലോക രാജ്യങ്ങളുടെ പ്രശംസയേറ്റു വാങ്ങിയ സര്‍ക്കാരായിരുന്നു കേരളത്തിലേത്.

അതിതീവ്രമായ രണ്ടാംവരവിലാകട്ടെ പരിമിതികള്‍ ഒരുപാടുണ്ടായിട്ടും അതിജീവിക്കാന്‍ പാടുപെട്ടു.. കെട്ട കാലത്ത് ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം അറിഞ്ഞ് കൂടെ നിന്നു..

ആരോപണങ്ങള്‍ പലതുയര്‍ന്നു. ഇ പി ജയരാജന്‍ എന്ന മന്ത്രിയുടെ ബന്ധുവിന് നിയമനം നല്‍കിയതിന് മന്ത്രിസ്ഥാനം വരെ മാറി നില്‍ക്കേണ്ടി വന്നു. ഹണി ട്രാപ്പില്‍ കുടുങ്ങി ഘടകകക്ഷിമന്ത്രി എ കെ ശശീന്ദ്രനും മടങ്ങേണ്ടി വന്നു. കെ ടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പക്ഷെ അങ്ങനൊരു മാറിനില്‍ക്കേണ്ടി വന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സ്വപ്ന സുരേഷെന്ന സ്ത്രീയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ തട്ടിപ്പു നടത്തിയതിനും കേസെടുത്തു. ഡിപ്ലോമാറ്റീവ് ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്നും, ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും വരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മുതല്‍ ഹുസൂര്‍ കച്ചേരിവരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ പലവട്ടം കയറിയിറങ്ങി. ഒടുവില്‍ ലോകായുക്ത വരെ സര്‍ക്കാരിനെതിരെ നിലപാടെടുത്തു. ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ കേസെടുക്കാനുള്ള ആര്‍ജ്ജവം കാട്ടി സര്‍ക്കാര്‍ പിടിച്ചു നിന്നു.

47 സീറ്റുമായി സഭയിലെത്തിയ പ്രതിപക്ഷം തുടക്കം മുതല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം നിന്നും അവസാന ലാപ്പില്‍ സര്‍ക്കാരിനെതിരെ ആരോപണ ശരങ്ങളെയ്തു. സര്‍ക്കാര്‍ പലതില്‍ നിന്നും പിന്‍മാറി.. അഴിമതി മുതല്‍ രാജ്യന്തര കള്ളക്കടത്ത് വരെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരോപണങ്ങളായി ഉയര്‍ത്തി. പക്ഷം ആ ആരോപണങ്ങളൊക്കെ തന്നെയും നിലനില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത് പിണറായി വിജയനെന്ന ക്യാപ്റ്റനെ മുന്‍നിര്‍ത്തിയാണ്. ക്യാപ്റ്റനില്‍ ജനം വിശ്വാസമര്‍പ്പിച്ചപ്പോള്‍ അത് ചരിത്രവുമായി.

അപ്പോഴും ജനങ്ങളുടെ പ്രതികരണമെന്തെന്ന് മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിനായില്ല. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടായി. അപ്പോഴും പ്രതിപക്ഷം കണ്ടില്ലെന്ന് നടിച്ചു. കേരളത്തില്‍ അസംഭവ്യമെന്ന് കരുതിയ ഭരണതുടര്‍ച്ച വരും വരെ. അപ്പോഴും എന്താണ് സംഭവിച്ചതെന്ന കാര്യം പ്രതിപക്ഷത്തിന് മനസ്സിലായിട്ടില്ല.

കേരളത്തിലെ യുഡിഎഫില്‍ ശുദ്ധികലശം വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴായി പറയാതെ പറഞ്ഞിട്ടുണ്ട്. പലരും കൂടുവിട്ട് പോയിട്ടുമുണ്ട്. നേതൃത്വം അപ്പോഴും അനങ്ങിയിട്ടില്ല. ഒന്ന് മൈന്‍ഡ് പോലും ചെയ്തിട്ടില്ല.

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശോഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ നേതാക്കള്‍ പോലും തന്‍കാര്യം മാത്രം നോക്കി. എപ്പോഴും ആള്‍ക്കൂട്ടമായ കോണ്‍ഗ്രസ് അങ്ങനെ തന്നെ തുടരുമെന്ന് അവര്‍ കരുതിക്കാണും. അല്ലെങ്കില്‍ പാര്‍ട്ടിയെ നന്നാക്കിയിട്ട് എനിക്കെന്ത് ഗുണമെന്ന് ചിലര്‍ കരുതിക്കാണും.

കോണ്‍ഗ്രസ് പാര്‍ട്ടി ബൂത്ത് തലം മുതല്‍ പുനഃസംഘടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി വെള്ളക്കടലാസില്‍ മാത്രമൊതുങ്ങുന്ന കമ്മിറ്റികള്‍ മാത്രം ബാക്കി. കെപിസിസി, ഡിസിസികള്‍ ജംബോ കമ്മിറ്റികളും, തേച്ചുമിനുക്കിയ ഖദര്‍ ഷര്‍ട്ടിട്ട് കൂടെ രണ്ട് അനുയായികളെയും കൊണ്ട് ത്രിവര്‍ണ ഷാളിട്ട ഇന്നോവ കാറുകളില്‍ പ്രമാണിയായി വിലസുന്നത് മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തനമെന്ന് ചിലരെങ്കിലും ഈ തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കിക്കാണണം. താഴെക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ വികാരമെന്തെന്ന് മനസ്സിലാക്കിയ നേതാക്കളെ നേതൃപദവികളിലെത്തിക്കാന്‍ ചിലര്‍ക്കെങ്കിലും ഭയമുണ്ടാകും. കാരണം പദവികള്‍ അലങ്കാരമായി ജീവിതാവസാനം വരെ കൊണ്ടു നടക്കാമെന്ന് വ്യാമോഹിച്ചവര്‍ക്ക് അത് തിരിച്ചടിയായേക്കാമെന്ന് അവര്‍ കരുതുന്നുണ്ടാകും.

സ്വന്തം ബൂത്തില്‍ വീട്ടുകാരൊഴിച്ചാല്‍ മറ്റൊരാളെ കൂടെ കൂട്ടാന്‍ കഴിയാത്ത നേതാക്കളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് പറച്ചു നട്ടപ്പോള്‍ നേതൃത്വം കരുതിക്കാണില്ല ഇത്ര കണ്ട് പരാജയമാകുമെന്ന്. ദേശീയ തലത്തില്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ തിരിച്ചു വരാനുള്ള ഊര്‍ജ്ജം പ്രവര്‍ത്തകരിലേക്ക് പകരാന്‍ ശേഷിയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ പോലും സാധിക്കുന്നില്ല. സംഘപരിവാറിന്റെ കുതിരക്കച്ചവട തന്ത്രങ്ങള്‍ക്കിടെ നോട്ടുകെട്ടിന്റെ വലിപ്പം നോക്കി പലരും കൂടുമാറിയപ്പോഴും ആരും അതിന് തടയിടാന്‍ ശ്രമിച്ചതുമില്ല. ഉപജാപക വൃന്ദങ്ങളുടെ ചൊല്‍പ്പടിക്ക് വിനീത വിധേയനായി നില്‍ക്കേണ്ടി വന്നു ദേശീയ നേതാവിന്. ഹിന്ദി ഹൃദയഭൂമിയില്‍ വേരോടെ പാര്‍ട്ടിയെ ചുട്ടു കരിച്ചപ്പോള്‍ പച്ചത്തുരുത്തു തേടി പോകേണ്ടിവന്നു അദ്ദേഹത്തിന്.

ഇനിയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി കാര്യങ്ങള്‍ പഠിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസംഘടന നടത്തിയില്ലെങ്കില്‍ ഭാരതപ്പുഴയിലൊഴുക്കാന്‍ ചാരം പോലുമുണ്ടാകില്ല പാര്‍ട്ടിയുടേതെന്ന് ഓര്‍ത്താല്‍ നല്ലത്. ഘടകകക്ഷികളിലെ മുറുമുറുപ്പ് തീര്‍ക്കാന്‍ പോയിട്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങളെ ഒതുക്കാന്‍ വരെ പാടുപെടുന്നുണ്ട്.

അതേസമയം കേരളത്തില്‍ 2016ല്‍ വിരിഞ്ഞ താമരയുടെ വിത്തുപോലും അവശേഷിപ്പിക്കാതെ പറിച്ചു ദൂരെക്കളഞ്ഞിരിക്കുയാണ് കേരളം. ശബരിമലയെ മുന്‍നിര്‍ത്തി വിശ്വാസ സംരക്ഷകരായി വേഷം കെട്ടിയ ഭാരതീയ ജനത പാര്‍ട്ടിയുടെ അവസ്ഥയും പരിതാപകരമാണ്. മുതിര്‍ന്ന നേതാക്കളെ മൂലക്കിരുത്തി, ഗ്രൂപ്പിസത്തിന്റെ വക്താക്കളായി കേന്ദ്ര പണത്തെ ദുരുപയോഗം ചെയ്യുന്ന നേതൃത്വം തന്നെയാണ് പാര്‍ട്ടിയുടെ ശാപം. ഉത്തരേന്ത്യയിലെ വര്‍ഗീയ കാര്‍ഡ് കേരളത്തിലിറക്കി നേട്ടം കൊയ്യാമെന്ന ചിലരുടെ മോഹത്തിനാണ് ഈ തിരഞ്ഞെടുപ്പ് ഭംഗം വരുത്തിയത്.

സമൂഹത്തില്‍ ഉന്ന സ്ഥാനങ്ങളിലിരുന്നവരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തിയെങ്കിലും കരകയറാനായില്ല. 35 സീറ്റു കിട്ടിയാല്‍ അധികാരത്തിലെത്തുമെന്ന് വീമ്പുപറഞ്ഞ സംസ്ഥാന അദ്ധ്യക്ഷന്‍ രണ്ടിങ്ങളില്‍ മത്സരിച്ച് സ്വയം വിലകളഞ്ഞു. പാര്‍ട്ടിയിലെ പുഴുക്കുത്തുകളെ വൈദ്യം ചെയ്യാതെ പുറംതുണി കൊണ്ട് മറച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഇനിയെങ്കിലും ആര്‍എസ്എസ് മനസ്സിലാക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മലിനപ്പെടുത്തി അധികാരത്തിലെത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ വെള്ളമങ്ങ് മാറ്റിവെച്ചേക്കണ്ടതാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍