കേരളത്തില്‍ പ്രതിദിനം 25 ലക്ഷം മെട്രിക് ടണ്‍ പാല്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ പാലുത്പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്കൊപ്പം വ്യാവസായികാടിസ്ഥാനത്തില്‍ പശുവളര്‍ത്തല്‍ നടത്തുന്ന വലിയ ഫാമുകളും ഇന്ന് കേരളത്തിലുണ്ട്. ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ഇത് വലിയ പ്രാധാന്യം അര്‍ഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് പാലിന്റെ അളവും ഗുണനിലവാരവും അടിസ്ഥാനമാക്കി കൃത്യമായ വില ഉറപ്പാക്കാന്‍ ക്ഷീരശ്രീ പോര്‍ട്ടലിലൂടെ സാധിക്കും. കാലിത്തീറ്റ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ഇടം കൂടിയായി ഇത് പ്രവര്‍ത്തിക്കും. ക്ഷീരഗ്രാമം, മില്‍ക്ക്‌ഷെഡ് വികസന പദ്ധതി, പുല്‍ക്കൃഷി പദ്ധതി എന്നിവയും ക്ഷീരശ്രീ വഴി നടപ്പാക്കും. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് ഇത്തരത്തിലുള്ള പോര്‍ട്ടല്‍ രാജ്യത്ത് ആദ്യമായാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ക്ഷീരശ്രീ പോര്‍ട്ടലിലൂടെ പാല്‍സംഭരണത്തില്‍ സുതാര്യത ഉറപ്പ്വരുത്താന്‍ കഴിയുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യുവിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.