കേരളത്തിന്റെ റയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് സമയമില്ല ; യോഗത്തില്‍ പങ്കെടുത്തത് ആറുപേര്‍ മാത്രം

കേരളത്തിന്റെ റയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച എം.പിമാരുടെ യോഗം പ്രഹസനമായി. ആറ് പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. 20 ലോക്‌സഭാ എംപിമാരുള്ളതില്‍ അഞ്ചുപേര്‍ മാത്രമാണ് യോഗത്തിലെത്തിച്ചേര്‍ന്നത്. ഒന്‍പതു രാജ്യസഭാ എം.പിമാരില്‍ പങ്കെടുക്കാന്‍ എത്തിയത് ഒരാളാണ്. ഭരണപക്ഷ എംപിമാര്‍ ആരും തന്നെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

പുതിയതായി ചുമതലയേറ്റ ദക്ഷിണമേഖല റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ടയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ എംപിമാര്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്താത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. പാത ഇരട്ടിപ്പും പ്രത്യേക റയില്‍വേ സോണുമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനം ഉന്നയിക്കുമെന്നായിരുന്നു പ്രതീക്ഷ. പത്തു മണിയോടുകൂടെ ചേര്‍ന്ന യോഗം ഇപ്പോഴും തുടരുകയാണ്.

Read more

മറ്റ് ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് എംപിമാര്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. എന്നാല്‍ ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ക്ക് എംപിമാരുടെ യോഗം വിളിക്കാനുള്ള അധികാര പരിധിയുണ്ടോ എന്ന കാര്യത്തിലും തര്‍ക്കമുയരുന്നുണ്ട്. റയില്‍വേ ബജറ്റിന് മുന്നോടിയായി മുന്‍ കാലങ്ങള്‍ മുഖ്യമന്ത്രിയാണ് യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാറുള്ളത്.