സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിനും പാചകക്കാരന്‍ പഴയിടം നമ്പൂതിരിയെയും വിമര്‍ശിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാകനുമായ അരുണ്‍ കുമാറിനെതിരെ നടന്‍ സന്തോഷ് കീഴാറ്റൂര്‍. അരുണ്‍കുമാര്‍ താങ്കളെ പോലുള്ളവര്‍ ഇങ്ങനെ ആവരുതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എത്രയോ മനുഷ്യരുടെ കഠിന പ്രയത്‌നത്തില്‍ വളരെ വൃത്തിയായി നടക്കുന്ന കുട്ടികളുടെ കലോത്സവം ജാതിയും,ഭക്ഷണവും പറഞ്ഞ് അലമ്പാക്കല്ലെയെന്ന് നടന്‍ അഭ്യര്‍ത്ഥിച്ചു.
ഇതൊരു കലോത്സവമല്ലെ.. ഭക്ഷണോത്സവം അല്ലല്ലോയെന്നും അദേഹം ചോദിച്ചു. എന്തൊരു കഷ്ടം, തൊട്ടാല്‍ ജാതി, നോക്കിയാല്‍ ജാതി, തിന്നാന്‍ ജാതി, തുപ്പിയാല്‍ ജാതി, എന്നെ കൊത്തിയാലും, ഒന്നല്ലെ ചോര, നിന്നെ കൊത്തിയാലും ഒന്നല്ലെ ചോര,പിന്നെ ഞാനും നീയും തമ്മില്‍ എന്താ വ്യത്യാസം.
വിവിധ സ്‌ക്കൂളിലെ കുട്ടികളുമായി എത്രയോ വര്‍ഷം സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനല്ല, കുട്ടികളുടെ നാടകവുമായി. കലോല്‍സവ ചൂര് അനുഭവിച്ചറിയണം. വെജ്, നോണ്‍വെജ്, ജാതി,പഴയിടം എന്നതൊന്നുമല്ല ചര്‍ച്ച ചെയ്യേണ്ടത്. കലോല്‍സവ മാന്വല്‍ ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ട് അതിന്റെ പിന്നാലെ പോകൂ…താന്‍ പ്രസിദ്ധ ഭക്ഷണ പാചക വിദഗ്ദന്‍ പഴേടത്തിന്റെ കൂടെയാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെതിരെയുള്ള അരുണ്‍ കുമാറിന് മറുപടിയായിട്ട ഫേസ്ബുക്ക് കുറിപ്പിലാണ് അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്.
നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് എല്ലാക്കൊല്ലവും പാചകത്തിന് ടെന്‍ഡര്‍ നല്‍കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.