കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഓറഞ്ച് നിറത്തിൽ എത്തുന്ന പുതിയ വന്ദേഭാരത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 03.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസര്‍കോട് എത്തും.
കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറു ദിവസം സര്‍വീസുണ്ടായിരിക്കും. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുള്ളതിനാൽ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.
കാസര്‍ഗോഡ്(7), കണ്ണൂര്‍(08.03), കോഴിക്കോട്(09.03), ഷൊര്‍ണൂര്‍(10.03), തൃശൂര്‍(10.38), എറണാകുളം സൗത്ത്(11.45), ആലപ്പുഴ(12.38), കൊല്ലം(13.55), തിരുവനന്തപുരം(15.05) എന്നിങ്ങനെയാണ് ആലപ്പുഴ വഴി പ്രതീക്ഷിക്കുന്ന സ്റ്റോപ്പുകളും ട്രെയിന്‍ എത്തുന്ന സമയക്രമവും. സ്റ്റേഷൻ, സമയം എന്നിവയിൽ നേരിയ മാറ്റത്തിനു സാധ്യതയുണ്ട്.
ഞായറാഴ്ച ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കൊപ്പമായിരിക്കും കേരളത്തിന് അനുവദിച്ച ട്രെയിനിന്റേയും ഫ്‌ളാഗ് ഓഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലെ കൂടാതെ രണ്ട് വന്ദേഭാരത് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി സര്‍വീസുകളാണ് മറ്റു രണ്ടെണ്ണം.
ഉദ്ഘാടന ദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. ആദ്യ വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ദിനത്തിലെ സര്‍വീസിനു സമാനമായ തരത്തില്‍ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെയുള്ള യാത്ര ആയിരിക്കും ഞായറാഴ്ച ഉണ്ടാവുക. 26-ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക.
കോട്ടയം വഴി സർവീസ് നടത്തുന്ന ഒന്നാം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ജനപ്രിയമാകാൻ ഒരുങ്ങുകയാണ് റെയിൽവേ. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്.