ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000, ഒരാൾക്ക് വസ്ത്രത്തിന് 30,000! വയനാട് ദുരന്തത്തിലെ സർക്കാരിന്റെ ഭീമൻ ചെലവ് കണക്കിൽ ഞെട്ടി കേരളം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ ചെലവാക്കിയ കോടികളുടെ കണക്കിൽ ഞെട്ടി കേരളം. ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000 രൂപ ചെലവായതായാണ് സർക്കാർ കണക്ക്. ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപ ചെലവിട്ടതായും കണക്കിലുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദുരന്ത പ്രദേശത്ത് ചെലവിട്ട തുകയുടെ കണക്കുകൾ അറിയിച്ചിട്ടുള്ളത്.

ക്യാമ്പുകളിലേക്ക് ഭക്ഷണ ചെലവിനായി എട്ട് കോടി രൂപ ചെലവാക്കിയെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദുരിതബാധിതർക്ക് അവശ്യസാധനങ്ങളും മറ്റും യഥേഷ്ടം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചിരുന്നു എന്ന വസ്തുത നിലനിൽക്കെയാണ് സർക്കാരിന് ഇത്രയും തുക ചെലവായെന്ന കണക്ക്. പല ക്യാമ്പുകളിലും ഭക്ഷണം പൂർണമായും സന്നദ്ധ സംഘടനകളാണ് പാചകം ചെയ്ത് വിതരണം ചെയ്തിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളുടെ വസ്ത്രത്തിനായി ചെലവഴിച്ച തുക സംബന്ധിച്ച കണക്കും അവിശ്വസനീയമാണ്. 11 കോടി രൂപയാണ് വസ്ത്രത്തിനായി ചെലവാക്കിയതെന്നാണ് സർക്കാർ പറയുന്നത്. നാലായിരത്തോളം പേരാണ് ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതായത്, ഒരാൾക്ക് 30,000 രൂപയോളം ചെലവായെന്നാണ് കണക്കുകളിൽ അവകാശപ്പെടുന്നത്. ആവശ്യത്തിലധികം വസ്ത്രങ്ങൾ ക്യാമ്പുകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സർക്കാർ 11 കോടി ചെലവാക്കി വസ്ത്രം വാങ്ങിയെന്ന് പറയുന്നത്.

75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാൻ 2.76 കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്നും സർക്കാർ കണക്കിൽ പറയുന്നു. സൈനികർക്കും വളണ്ടിയർമാർക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ദുരന്തപ്രദേശമായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ 12 കോടി രൂപ ചെലവാക്കി. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന്റെ അനുബന്ധ പ്രവൃത്തികൾക്ക് ഒരു കോടി രൂപ ചെലവായെന്നും കണക്കുകൾ പറയുന്നു.

രക്ഷാപ്രവർത്തകർക്ക് ടോർച്ച്, റെയിൻകോട്ട്, കുട, ബൂട്ട് തുടങ്ങിയവ നൽകുന്നതിനായി 2.98 കോടി രൂപ നൽകിയതായും കണക്കിൽ പറയുന്നു. വളണ്ടിയർമാർക്കും സൈനികർക്കും ചികിത്സാ ചെലവായി രണ്ട് കോടി രൂപയിലേറെ ചെലവാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ക്യാമ്പുകളിലുള്ളവരുടെ ചികിത്സയ്ക്കായി എട്ട് കോടി ചെലവാക്കിയെന്നാണ് കണക്ക്. ചൂരൽമലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മാത്രം മൂന്ന് കോടി രൂപയും ചെലവാക്കിയെന്ന് കണക്കിൽ പറയുന്നു.

രക്ഷാപ്രവർത്തനത്തിനായി അവിശ്വസനീയമായ തുക ചെലവഴിച്ചതായി പറയുമ്പോൾത്തന്നെ, ദുരിതബാധിതർക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകുന്ന തുകയിൽ അത്ര ഉദാരതയില്ലെന്നാണ് വിമർശനമുയരുന്നത്. ദുരന്തത്തിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ടെങ്കിൽ 1.30 ലക്ഷം രൂപയാണ് നൽകുകയെന്നാണ് സർക്കാർ പറയുന്നത്. കൃഷിഭൂമി നശിച്ചിട്ടുണ്ടെങ്കിൽ ഒരു ഹെക്ടറിന് അമ്പതിനായിരം രൂപയിൽ താഴെ മാത്രമേ നൽകാൻ കഴിയൂവെന്നാണ് സർക്കാർ നിലപാട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ