സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ പിടിവിടാതെ അഞ്ജു ബോബി ജോര്‍ജ്; 'അന്വേഷണം അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല; നിയമ നടപടി സ്വീകരിക്കും'

സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് പരാതിക്കാരിയായ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് പുറത്തിറക്കിയ സ്‌പോര്‍ട്‌സ് ലോട്ടറിയുടെ വില്‍പനയില്‍ 28,10,000 രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബിജോര്‍ജും കായികമന്ത്രിയായിരുന്ന ഇ.പി. ജയരാജനുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെയാണ് സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസ് വീണ്ടും വിവാദമായത്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചശേഷം അഞ്ജു ബോബി ജോര്‍ജ് വിജിലന്‍സില്‍ പരാതി നല്‍കിയത്.

അഞ്ജുവിനൊപ്പം കായികതാരങ്ങളായ ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ സെബാസ്റ്റിയന്‍ ജോര്‍ജ് എന്നിവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ജൂലൈ 14നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുകയെന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്‌പോര്‍ട്‌സ് ലോട്ടറി ആരംഭിച്ചത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നു. ഒരു രൂപപോലും കായികവികസനത്തിന് വിനിയോഗിക്കാന്‍ ലഭിച്ചില്ലെന്ന് വിജിലന്‍സ് പ്രഥമ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

അത്തരത്തില്‍ തുകയൊന്നും നഷ്ടപ്പെട്ടില്ലെന്ന നിലയിലുള്ള കണ്ടെത്തലിലാണ് ഇപ്പോള്‍ വിജിലന്‍സ് നടത്തിയിരിക്കുന്നത്. അന്വേഷണം ഇടക്ക് അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വിജിലന്‍സിന്റെ നടപടിയെ ചോദ്യം ചെയ്ത് നിയമനടപടി കൈക്കൊള്ളുമെന്നും അഞ്ജു ബോബിജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

ടി.പി. ദാസന്‍ ആദ്യം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്ത് നടന്ന സംഭവത്തില്‍ വ്യക്തമായ രേഖകളില്ലെന്ന് വിജിലന്‍സും പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എന്നാല്‍, തുടര്‍പരിശോധനകളില്‍ കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തില്‍ വിജിലന്‍ലസ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിലപാടാകും നിര്‍ണായകമാവുക.