ഹൈക്കോടതി ഉത്തരവില്‍ തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ല; സുപ്രീംകോടതിയെ സമീപിക്കും; ഇല്ലെങ്കില്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍

ഹൈകോടതിയുടെ പുതിയ ഉത്തരവ് അനുസരിച്ച് തൃശൂര്‍ പൂരം നടത്താന്‍ സാധിക്കില്ലെന്നും പൂരം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പകല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വെളുപ്പിന് കണിമംഗലം ശാസ്താവ് വരുന്നത് മുതല്‍ ഉച്ചക്ക് പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് വരെയുള്ള എഴുന്നള്ളിപ്പുകള്‍ ഇതുപ്രകാരം നടത്താനാവില്ല. മൂന്നു മീറ്റര്‍ അകലം പാലിച്ചാല്‍ തെക്കേ ഗോപുരനടയിലും പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലും ആനകളെ നിര്‍ത്താനുമാവില്ല. കുടമാറ്റത്തിന് 15 ആനകളെ അണിനിരത്താനും സാധിക്കില്ല. ഇതുകൊണ്ടാണ് പൂരം ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് പറയുന്നതെന്ന് ദേവസ്വങ്ങള്‍ പറഞ്ഞു.

നാളെ വിപുലമായ പ്രതിഷേധ കണ്‍വെന്‍ഷന്‍ തൃശൂരില്‍ ചേരുന്നുണ്ട്. ഘട്ടംഘട്ടമായി കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങാനാണ് ദേവസ്വങ്ങളുടെ നീക്കം. ആറാട്ടുപുഴയില്‍ ഇന്ന് വൈകീട്ട് പ്രതിഷേധ പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയിലെ 1600 ഉത്സവങ്ങളുടെ എഴുന്നള്ളിപ്പുകള്‍ പ്രതിസന്ധിയിലാണ്. പുതിയ ആനകള്‍ കേരളത്തില്‍ വരുന്നില്ല. നിലവിലുള്ള ആനകളെ എഴുന്നള്ളിക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.

എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം, പൊതുവഴിയില്‍ രാവിലെ 9നും വൈകിട്ട് 5നും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ല, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയില്‍ ആനകളെ യാത്ര ചെയ്യിക്കരുത്, ദിവസത്തില്‍ 8 മണിക്കൂര്‍ വിശ്രമം, തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്, ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്തുകയോ 125 കി.മീയില്‍ കൂടുതല്‍ വാഹനത്തില്‍ കൊണ്ടുപോകരുത് തുടങ്ങി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഹൈക്കോടതി നവംബറില്‍ പുറത്തിറക്കിയിരുന്നു.