അന്തരിച്ച ഗായകൻ പി ജയചന്ദ്രന് വിടനൽകാൻ കേരളം. പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും. പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം. തുടർന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദർശനം തുടരും. ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും.
കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കും. നാളെ രാവിലെ എട്ട് മണിക്ക് പറവൂർ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്കാരം. ഇന്നലെ രാത്രി തൃശ്ശൂർ അമല മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം.
1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.