രാജ്യത്തെ വനാതിര്‍ത്തികളില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന സുപ്രീംകോടതി ഉത്തരവില്‍ സംസ്ഥാനം റിവ്യൂ ഹര്‍ജി നല്‍കുമെന്ന്് വനം മന്ത്രി എകെ ശശീന്ദ്രന്‍. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത്. അടുത്ത മാസം 12ന് ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ ഉത്തരവിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ദിവസം എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തെ തുടര്‍ന്നാണ് തീരുമാനം. ജനവാസ മേഖല ഒഴിവാക്കി വേണം പരിസ്ഥിതിലോല മേഖല നിര്‍ണയിക്കാന്‍ എന്ന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. റിവ്യൂ ഹര്‍ജി നല്‍കുന്നതിന് പുറമെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയെയും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കമ്മിറ്റിയെ സമീപിക്കാമെന്ന്് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ മേഖല ഒഴിവാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്കും സമര്‍പ്പിച്ച് സുപ്രീംകോടതിയില്‍ നിന്ന് ഇളവ് വാങ്ങും. കേരളത്തിന്റെ ശിപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേള്‍ക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും വിധി സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിരവധി ജനവാസ മേഖലകള്‍ വനപ്രദേശങ്ങളോട് ചേര്‍ന്നാണ് കിടക്കുന്നത്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തമിഴ്‌നാട്ടിലെ നീലഗിരി വനങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. നിലവില്‍ ഇഎസ്സെഡ് മേഖലകളില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിര്‍മിതികളെക്കുറിച്ചും സര്‍വേ നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഖനനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സംരക്ഷിത മേഖലകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാണെന്ന വിധി നിലവില്‍ അതിലധികം ബഫര്‍ സോണ്‍ നിശ്ചയിച്ചിരിക്കുന്ന മേഖലകള്‍ക്ക് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.