കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലൂടെ ഓടുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കടുത്ത നടപടികളിലേക്ക് എംവിഡി കടന്നിരിക്കുന്നത്. എന്നാല്‍, ഒറ്റബസു പോലും പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചു. കേന്ദ്ര നിയമം കേരളത്തില്‍ അടക്കം എല്ലാം സ്ഥാനനങ്ങള്‍ക്കും ബാധകമാണെന്നും. ബസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല തടയുമെന്നും ഇവര്‍ അറിയിച്ചു.
ബസുകള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി എല്ലാ ആര്‍.ടി.ഒ. മാരുടെയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെയും യോഗം 12-ന് തിരുവനന്തപുരത്ത് നടക്കും. തെറ്റായ മേല്‍വിലാസം നല്‍കി ഇതര സംസ്ഥാനങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ കേരളം കേന്ദ്രീകരിച്ച് ഓടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 52 വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. സംസ്ഥാനം കേന്ദ്രീകരിച്ച് ഓടണമെങ്കില്‍ ഈ വാഹനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യണം. അതിനായി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. സമയം കഴിഞ്ഞും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. ഓള്‍ ഇന്ത്യാ പെര്‍മിറ്റുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിനു വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറയുന്നത്. . ഇത്രയും കാലം യാത്രക്കാരോടുള്ള മാനുഷിക പരിഗണന മൂലം ബസുകള്‍ പിടിച്ചെടുത്തിരുന്നില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വാഹന ഉടമയ്ക്കായിരിക്കുമെന്നും മന്ത്രി പറയുന്നു.
എന്നാല്‍, മന്ത്രിയുടെ വാദങ്ങള്‍ തള്ളി കേരളത്തിലെ ആദ്യ ഓള്‍ ഇന്ത്യ സര്‍വീസ് ബസ് ഉടമ രംഗത്തെത്തി. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബസ് സര്‍വീസ് നടത്തുമെന്ന് റോബിന്‍ ബസ് ഉടമ വ്യക്തമാക്കി.
മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍നിന്നുള്ള എതിര്‍പ്പുകളെ മറികടന്ന് സര്‍വീസുമായി മുന്നോട്ടുപോകുമെന്ന് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ റോബിന്‍ ബസ് ഓടിക്കാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ കെഎസ്ആര്‍ടിസിയും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ ഒന്നിന് റാന്നി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വെളുപ്പിന് അഞ്ചിന് റോബിന്‍ ബസ് നിയമ ലംഘനത്തിന്റെ പേരില്‍ തടഞ്ഞത്. കേന്ദ്ര നിയമപ്രകാരം നേടിയ പെര്‍മിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതേ പെര്‍മിറ്റ് ആനുകൂല്യത്തിന്റെ ബലത്തില്‍ 200 ബസുകള്‍ കേരളത്തിന്റെ നിരത്തിലിറങ്ങാന്‍ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാന്‍ സാധിക്കും.
ബസുകള്‍ക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ വണ്ടിയില്‍ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ബേബി ഗിരീഷ് പറഞ്ഞു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 200 ബസുകളും നിരത്തിലിറങ്ങും. ഒരാഴ്ചയ്ക്കുള്ളില്‍ ഈ ബസുകള്‍ക്ക് നാഷണല്‍ പെര്‍മിറ്റ് ലഭിക്കുമെന്നാണ് അറിയുന്നത്. നാഷണല്‍ പെര്‍മിറ്റ് എടുക്കുന്ന ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് എടുക്കാതെ തന്നെ ദേശീയ പാതകളിലടക്കം സഞ്ചരിക്കാം.
ഓരോ മൂന്ന് മാസം കൂടുമ്പോഴും മൂന്ന് ലക്ഷം രൂപയോളം സര്‍ക്കാരിനു നികുതി ഇനത്തില്‍ ലഭിക്കും. റൂട്ട് ബസുകളെ പോലെ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഇന്റര്‍സ്റ്റേറ്റ് പെര്‍മിറ്റില്‍ അനുമതിയുണ്ട്.
ഇന്ത്യയൊട്ടാകെ നാഷണല്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാം. ഒരു വാഹനത്തിന് അതിന്റെ ആദ്യ പന്ത്രണ്ടുവര്‍ഷത്തേക്കു മാത്രമേ ഇന്റര്‍സ്റ്റേറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഒരു വര്‍ഷംവരെ ഇന്റര്‍സ്റ്റേറ്റ് ബസില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്.ദീര്‍ഘദൂര പാതകളില്‍നിന്നു സ്വകാര്യ ബസുകളെ ഒഴിവാക്കിയും ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്തുകൊണ്ട് കെ.എസ്.ആര്‍.ടി.സിയെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുമ്പോഴാണു പുതിയ നിയമം വന്നത്.
കേന്ദ്രനിയമം വന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഈ കുത്തക തകരുന്ന അവസ്ഥയാണ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ബസ് തടയുകയാണെങ്കില്‍ നിയമനടപടിയിലേക്കു നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.