തിരുവനന്തപുരത്ത് കിട്ടാക്കനിയായി കുടിവെള്ളം; കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്നത്തെ എല്ലാ പരീക്ഷകളും റദ്ദാക്കി; ഓണപരീക്ഷകളും മാറ്റി; ഗുരുതര പ്രതിസന്ധി

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായി തുടരുന്നതിനാല്‍ കേരള യൂണിവേഴ്‌സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. നേരത്തെ, കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ ഓണപരീക്ഷകളും മാറ്റിവച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന അറ്റകുറ്റപ്പണികളാണ് തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം സൃഷ്ടിച്ചത്. രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട അറ്റകുറ്റപ്പണികളാണ് നാല് ദിവസം കഴിഞ്ഞിട്ടും അനശ്ചിതത്വത്തില്‍ തുടരുന്നത്. നഗരത്തിലെ 44 വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം തുടരുകയാണ്.

Read more

അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള പൈപ്പ് മാറ്റിയിടല്‍ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളില്‍ ഓണപ്പരീക്ഷ അടുത്തുകൊണ്ടിരിക്കുന്നതും ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.