കേരളാ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

അധ്യാപക നിയമനവിവാദത്തെ തുടര്‍ന്ന് കേരളാ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ആസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സർവകലാശാല ആസ്ഥാനത്തേക്ക് ഓടിക്കയറിയ വിദ്യാര്‍ത്ഥികളെ തടയാന്‍ പോലീസിനായില്ല. കഴിഞ്ഞ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലും ഇതേ സംഭവുമായി ബന്ധപ്പെട്ട് ബഹളം ഉയർന്നിരുന്നു. അന്നും യോഗത്തിൽ അധ്യാപക നിയമന വിവാദം ചർച്ച ചെയ്യാഞ്ഞതാണ് ബഹളത്തിൽ കലാശിച്ചത്. അധ്യാപകരുടെ നിയമനം സംബന്ധിച്ച വിവാദപരമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വെയ്ക്കണമെന്ന് ഒരു വിഭാഗം സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ചയ്‌ക്കെടുക്കാതിരുന്നതാണ് പ്രശ്നത്തിന് തുടക്കം.

Read more

പിന്നീട് സർവകലാശാല വൈസ് ചാൻസലറെ സിൻഡിക്കേറ്റ് അംഗങ്ങൾ മുറിക്കുള്ളിൽ ബന്ദിയാക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുമായി നടത്തിയ ചർച്ചയിൽ ധാരണയായ കാര്യങ്ങൾ നടപ്പിലാക്കാത്തതിനാലാണ് എസ്എഫ്ഐ വീണ്ടും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. ഇന്ന് നടത്തിയ മാർച്ചിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. വിസി രാജിവെക്കണമെന്ന ആവശ്യത്തിലാണ് ഇപ്പോൾ എസ്എഫ്ഐ പ്രതിഷേധം തുടരുന്നത്.