കേരള വര്‍മ കോളേജ് തിരഞ്ഞെടുപ്പ്; നിയമ നടപടിയ്‌ക്കൊരുങ്ങി കെഎസ്‌യു; എസ്എഫ്‌ഐ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് വിഡി സതീശന്‍

തൃശൂര്‍ കേരള വര്‍മ കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിയമ നടപടിയ്‌ക്കൊരുങ്ങി കെഎസ്‌യു. കാമ്പസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായാണ് കെഎസ്‌യു ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലില്‍ ആദ്യം ഒരു വോട്ടിന് കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ വിജയിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതോടെ വീണ്ടും വോട്ടെണ്ണല്‍ നടത്തി.

രണ്ടാം തവണ വോട്ടെണ്ണല്‍ നടത്തുന്നതിനിടെ വൈദ്യുതി നഷ്ടമായി. തുടര്‍ന്ന് വീണ്ടും വോട്ടെണ്ണല്‍ നടത്തുമ്പോള്‍ എസ്എഫ്‌ഐ 11 വോട്ടിന് വിജയിച്ചു. റീകൗണ്ടിംഗിനിടെ വൈദ്യുതി നഷ്ടമായപ്പോള്‍ ബാലറ്റ് പേപ്പറുകളുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോപിച്ചു. എസ്എഫ്‌ഐയുടേത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ആരോപിച്ചു.

വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി എസ്എഫ്‌ഐ ജനാധിപത്യത്തെ അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. അട്ടിമറിയ്ക്ക് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കേരളവര്‍മ്മയില്‍
ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്‌ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.
എന്ത് കാരണത്താല്‍ കെഎസ്‌യു ന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ വോട്ടുകള്‍ എസ്എഫ്‌ഐ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്‌ഐ ക്രിമിനലുകള്‍ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കെഎസ്‌യു ന് തടയിടാന്‍ ശ്രമിച്ചവരാണ് കേരള വര്‍മ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്‌ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകന്‍ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ.
ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വര്‍മ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.
KSU പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.