കായലിന് കുറകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം യാഥാര്‍ത്ഥ്യമാകുന്നു, ചിലവ് 100 കോടി

കേരളത്തില്‍ കായലിന് കുറകെയുള്ള ഏറ്റവും നീളമുള്ള പാലമായ പെരുമ്പളം പാലം മാസങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥ്യമാകും. വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അതിമനോഹരിയായ പെരുമ്പളം ദ്വീപിനെ വടുതലയുമായി ബന്ധപ്പിക്കുന്ന പാലത്തിന്റെ പണി ഏതാണ്ട് എഴുതപത് ശതമാനവും പൂര്‍ത്തിയായി.

അരനൂറ്റാണ്ടുകാലമായുള്ള പെരുമ്പളം ദ്വീപുനിവാസികളുടെസ്വപ്‌നമാണ് പൂവണിയാന്‍ പോകുന്നത്. ഏതാണ്ട് 3000ത്തോളം കുടുംബങ്ങളാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. അവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ജങ്കാറുകളും ബോട്ടുകളും മാത്രമായിരുന്നു ആശ്രയം.15 വര്‍ഷം മുമ്പ് ഈ സൗകര്യം പോലുമില്ലായിരുന്നു. ഒടുവില്‍ ഭരണകൂടം കണ്ണു തുറന്നതോടെ 2019ല്‍ പെരുമ്പളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി.

എന്നാല്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം മൂലം രണ്ട് വര്‍ഷത്തോളം പണി തടസപ്പെട്ടു. ഒടുവില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ജോലി ഏറ്റെടുത്തു. ഇപ്പോള്‍ 70 ശതമാനം പണിയും കഴിഞ്ഞു. 1115 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. നിര്‍മാണ ചെലവ് നൂറ് കോടിയാണ്. 81 ഗര്‍ഡറില്‍ 60 എണ്ണവും 30 സ്ലാബുകളില്‍ 12 എണ്ണവും പൂര്‍ത്തിയായി കഴിഞ്ഞു.