കെവിന്‍ വധക്കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ദുരഭിമാനക്കൊലയായതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കേണ്ടി വരുമെന്ന് കോടതി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെറിയ പ്രായവും ജീവിത പശ്ചാത്തലവും കണക്കിലെടുത്ത് പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.
കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതൊരു അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി കണകാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാന്‍ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണം. പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. കെവില്‍ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം വക്കീല്‍ ശാസ്തമംഗലം അജിത് കുമാര്‍ കോടതിയില്‍ വാദിച്ചു.
ഏറെ വൈകാരികമായി ആയിരുന്നു വാദം. കേസിലെ പ്രതികളായ റിയാസ് ഇബ്രാഹിം, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാന്‍ എന്നിവര്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ തനിക്ക് പറയാനുള്ളത് എഴുതി നല്‍കി. വാദിക്കുന്നതിനിടയില്‍ പ്രതിഭാഗം അഭിഭാഷകനും വികാരാധീനനായി.
അതേസമയം, പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഭാഗം വാദിച്ചു. കേസില്‍ സുപ്രീംകോടതി വിധി ആധാരമാക്കണമെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികളില്‍ നിന്നും പിഴയീടാക്കി കെവിന്റെ മാതാപിതാക്കള്‍ക്കും നീനുവിനും കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട അനീഷിനും നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകന്‍ ഭഗവാന്‍ ദാസ് ആണ് ഹാജരായത്.
പ്രതികള്‍ ഇന്ന് കോടതിയില്‍ നടത്തിയത് ശിക്ഷ കുറയ്ക്കാനുള്ള തന്ത്രങ്ങളാണെന്ന് കെവിന്റെ അച്ഛന്‍ ജോസഫ് പറഞ്ഞു. വിചാരണ വേളയില്‍ പ്രതികള്‍ ഇങ്ങനെ ആയിരുന്നില്ല പെരുമാറിയത് എന്ന കാര്യം കോടതിക്ക് അറിയാവുന്നതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പേരെയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്.