ആലപ്പുഴ മണ്ണഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളി യൂസഫിന്റെ മകന്‍ ബര്‍ക്കത്ത് അലിയെയാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ മുതുകില്‍ ചവിട്ടിയതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ക്യാമറയില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു പൊലീസിന്റെ മൂന്നാം മുറ അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു പെണ്‍കുട്ടിയുടെ വാഹനത്തില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം തീര്‍പ്പാക്കിയിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ വീണ്ടും സ്റ്റേഷനില്‍ വിളിച്ച് വരുത്തി. ഇതേ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ എത്തിയത്. ഇവരോട് ആയിരം രൂപ അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം നേരത്തെ പരിഹരിച്ചതാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ഇവര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ആറ് മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി. ഈ സമയം കുട്ടിയെ മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടയിലാണ് കുട്ടിയെ സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചതായി ആരോപണമുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്ന് ചികിത്സ തേടിയ ചെട്ടികാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.