കൊല്ലം ഒയൂരില്‍ സഹോദരനൊപ്പംട്യുഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോളെത്തി. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് സൂചന
ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും അവളെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ പറയുന്നത്.
മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരന്‍ പറയുന്നു.എട്ടുവയസുള്ള സഹോദരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.നടന്ന് പോകുവേ വെളുത്ത ഹോണ്ടാ അമേയ്സ് കാറിലെത്തിയവരാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പറയുന്നു. ഈ കുട്ടിയെയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി അറിയിച്ചു.
ഇന്ന് നാല് മണിയോടെയാണ് സംഭവം. തിരുവനന്തപുരം രജിസ്‌ട്രേഷനാണ് കാറിനുള്ളതെന്നാണ് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സഹോദരന്‍ വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ ഈ സംഭവം അറിഞ്ഞത്.
ഉടന്‍ തന്നെ വീട്ടുകാര്‍ പൂയപ്പളളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നാട്ടുകാരെ അടക്കം ചോദ്യം ചെയ്യുന്നുണ്ട്. കാറ് പോയ ഭാഗത്തെ മുഴുവന്‍ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്നിട്ട് രണ്ട് മണിക്കൂര്‍ ആയെങ്കിലും മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.