"ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ": ഇ. ശ്രീധരന് മറുപടിയുമായി കിഫ്‌ബി 

കിഫ്ബിക്കെതിരായ ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറുമായ ഇ.ശ്രീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി. കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി ഫെയ്സ്ബുക്കിൽ എഴുതിയ വിശദീകരണ കുറിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും നിശ്ചയിച്ച പരിധികൾ മറികടന്ന കടമെടുപ്പാണ് കിഫ്ബി നടത്തുന്നതെന്ന് ഇ.ശ്രീധരനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമായിരുന്നു. ഈ രാജ്യത്ത് ഈ മേഖലയിൽ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് കിഫ്ബി കടമെടുക്കുന്നത്. കിഫ്ബി ആക്ട് അനുസരിച്ച് കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യമെന്തെന്നും എങ്ങനെയാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും മനസിലാക്കാതെയുള്ള ആരോപണം മാത്രമാണ് ഇ. ശ്രീധരന്റേതെന്നും കുറിപ്പിൽ പറയുന്നു.

കിഫ്‌ബിയുടെ കുറിപ്പിന്റെ പൂർണരൂപം:

ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറും ആയ “മെട്രോമാൻ” ശ്രീ ഇ.ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിഫ്ബിയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കിഫ്ബി രൂപീകൃതമായത് ഇന്നോ ഇന്നലെയോ അല്ല. 1999 ൽ രൂപം കൊണ്ട കിഫ്ബിയെ അതിനുശേഷം വന്ന പല സർക്കാരുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി ആക്ട് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയതിനു ശേഷം കിഫ്ബിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് മാത്രം. സംസ്ഥാനസർക്കാരുമായി ചേർന്ന പല പദ്ധതികളിലും പ്രവർത്തിച്ചിട്ടുള്ള ശ്രീ ഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതം. അദ്ദേഹത്തിനെ പോലൊരാൾ കിഫ്ബിയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങൾ വളരെ രൂക്ഷമായ പദങ്ങളുപയോഗിച്ച് പറയുമ്പോൾ അതിനു മറുപടി പറഞ്ഞേതീരൂ. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് കിഫ്ബി ചെയ്യുന്ന ഏറ്റവും വലിയ “ദ്രോഹം ” എന്ന് ശ്രീ ഇ.ശ്രീധരൻ പറഞ്ഞുവയ്ക്കുന്നു. കൊങ്കൺ റെയിൽവേ, ഡെൽഹി മെട്രോ , കൊച്ചി മെട്രോ തുടങ്ങി അദ്ദേഹം നേതൃത്വം നൽകിയ പദ്ധതികളിലേതെങ്കിലും കടമെടുക്കാതെ പൂർത്തിയാക്കിയതാണോ എന്ന ചോദ്യം പ്രസക്തമാണ്.വൻതോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പൊക്കുന്നത്.ദേശീയ പാതാ വികസനത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ 2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ദേശീയ പാതാ അഥോറിറ്റി (എൻഎച്ച്എഐ)യുടെ വാർഷിക പ്രതിബദ്ധത(annual commitment) 69,484 കോടി രൂപയുടേതാണ്. എൻഎച്ച്എഐയ്ക്ക് കേന്ദ്രസർക്കാർ നൽകാനുള്ള തുക 41,289.58 കോടി രൂപയാണ്. ശ്രീ ഇ.ശ്രീധരൻ നേതൃത്വം നൽകിയോ അല്ലെങ്കിൽ വിദഗ്‌ധോപദേശം നൽകിയോ പൂർത്തിയാക്കിയ പദ്ധതികളുടെ കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരി്ച്ച് കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മൊത്തം സാമ്പത്തിക ബാധ്യത 3937.60 കോടി രൂപയുടേതാണ്. ആ സാമ്പത്തിക വർഷം 184.82 കോടി രൂപയുടെ നഷ്ടമാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷന് വന്നത്. ഇനി ഡെൽഹി മെട്രോയുടെ കാര്യമെടുക്കാം. ഡിഎംആർസിയുടെ ആകെ സാമ്പത്തിക ബാധ്യത 45,892.78 കോടി രൂപയുടേതാണ്. 462.24 കോടി രൂപയുടെ നഷ്ടമാണ് ഡിഎംആർസിക്കുള്ളത്. ലക്‌നോ മെട്രോ റെയിൽ കോർപ്പറേഷന്റെ ആകെ ബാധ്യത 2019 മാർച്ച് വരെ 4908.17 കോടി രൂപയുടേതാണ്. നഷ്ടമാകട്ടെ 72.11 കോടിയും. ഇനി കൊച്ചി മെട്രോയിലേക്ക് വരാം.ആകെ സാമ്പത്തിക ബാധ്യത 2020 മാർച്ച് വരെ 4158.80 കോടി രൂപ.നഷ്ടം 310.02 കോടി രൂപ. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശ്രീ ഇ ശ്രീധരന്റെ നിലപാട് നിർഭാഗ്യകരമാണ്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും നിശ്ചയിച്ചിട്ടുള്ള പരിധികൾ മറികടന്നുകൊണ്ടാണ് കിഫ്ബി കടം വാങ്ങിക്കൂട്ടുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണത്തിന്റെ മറ്റൊരു ഭാഗം. ഈ ചോദ്യങ്ങൾ മറ്റു പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായപ്പോൾ വളരെ വിശദമായും കൃത്യമായും നൽകിയിട്ടുണ്ടെങ്കിലും ഇ.ശ്രീധരനെ പോലെ ഒരു വ്യക്തിത്വം അതേ ചോദ്യങ്ങൾ ഏറ്റുപിടിക്കുമ്പോൾ വീണ്ടും മറുപടി പറയാൻ കിഫ്ബി ബാധ്യസ്ഥമാണ്.
കിഫ്ബി ആക്ട് അനുസരിച്ച് കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യമെന്തെന്നും എങ്ങനെയാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും മനസിലാക്കാതെയുള്ള ആരോപണം മാത്രമാണിത്. ആന്യൂറ്റി അടിസ്ഥാനമാക്കിയാണ് കിഫ്ബിയുടെ സാമ്പത്തിക കൈകാര്യ മാതൃക..കണ്ട്രോൾഡ് ലിവറേഡ് മോഡൽ എന്നാണ് കിഫ്ബിയിൽ ഈ മാതൃക പരാമർശിക്കപ്പെടുന്നത്. ഈ മോഡൽ അനുസരിച്ച് അസെറ്റ് ലയബിരലിറ്റി മാനേജ്മെന്റ് സിസ്റ്റം വഴി കിഫ്ബിയുടെ കടമെടുപ്പ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.ആന്യൂറ്റി അടിസ്ഥാനമാക്കി മാത്രമുള്ള കടമെടുപ്പാണ് അല്ലതെ അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയിൽ നടക്കുന്നതെന്ന് സാരം. കേന്ദ്രവും നിരവധി സംസ്ഥാനസർക്കാരുകളും ഇത്തരത്തിൽ ആന്യൂറ്റി അടിസ്ഥാനമാക്കി നൂറുകണക്കിന് അടിസ്ഥാന സൗകര്യവികസനപദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാധാരണ ഉള്ള ആന്യൂറ്റി മോഡലിനേക്കാൾ സുദൃഢമാണ് കിഫ്ബിയിലെ ആന്യൂറ്റിമോഡൽ. കിഫ്ബി ഭേദഗതി നിയമം വഴി ആന്യൂറ്റിക്ക് അനുസൃതമായ ഫണ്ട് കിഫ്ബിക്ക് നൽകുമെന്ന് നിയമസാധുതയുള്ള വാഗ്ദാനമുണ്ട്.അതിന്റെ സമയം,തുകയുടെ വ്യാപ്തി,സ്രോതസ് എന്നിവ സംബന്ധിച്ചും 2016ലെ കിഫ്ബി ഭേദഗതി നിയമം വഴി വ്യക്തതയും ഉറപ്പും വരുത്തിയിട്ടുണ്ട്. കിഫ്ബിയുടെ കാര്യത്തിൽ അത് മോട്ടോർവാഹന നികുതിയും പെട്രോളിയം സെസുംആണ്. ഇനി ലാഭകരമല്ലാത്ത പദ്ധതികളിൽ മാത്രമാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നത് എന്നതും തെറ്റായ വസ്തുതായാണ്. ട്രാൻസ്ഗ്രിഡ്,വ്യവസായ പാർക്കുകൾ തുടങ്ങിയ നിരവധി മേഖലകളിൽ കിഫ്ബി ഫണ്ട് നൽകുന്നത് കടമായാണ്. അതിൽ നിന്നുള്ള പലിശയും കിഫ്ബിയുടെ വരുമാനമാണ്.
കേന്ദ്രസർക്കാരും റിസർവ് ബാങ്കും നിശ്ചയിച്ച പരിധികൾ മറികടന്ന കടമെടുപ്പാണ് കിഫ്ബി നടത്തുന്നതെന്ന് ശ്രീ ഇ.ശ്രീധരനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമായിരുന്നു. ഈ രാജ്യത്ത് ഈ മേഖലയിൽ നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് കിഫ്ബി കടമെടുക്കുന്നത്. അത്തരത്തിലുള്ള പ്രവർത്തനത്തിന് സർക്കാർ നിയമസാധുത നൽകിയിരിക്കുന്ന സ്ഥാപനമാണ് കിഫ്ബി എന്നതെങ്കിലും ഇത്തരം ആരോപണം ഉയർത്തുന്നതിന് മുമ്പ്് ശ്രീ ഇ.ശ്രീധരൻ കണക്കിലെടുക്കേണ്ടതായിരുന്നു.

ശ്രീ ഇ.ശ്രീധരൻ ഉദ്ദേശിച്ച തരത്തിൽ കുറഞ്ഞ പലിശയുള്ള ഇത്തരം ലോണുകൾ സംസ്ഥാനസർക്കാരിന് മാത്രമേ ലഭ്യമാകുകയുള്ളു.അല്ലാതെ സർക്കാരിന് കീഴിലുള്ള കിഫ്ബിക്കോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഈ വായ്പകൾ ലഭ്യമാകില്ല. അതുകൊണ്ടാണ് അടിസ്ഥാനസൗകര്യവികസനത്തിൽ പിന്നോക്കം പോയ ഒരു സംസ്ഥാനം എന്ന നിലയിൽ ഫണ്ട് ലഭിക്കാൻ സംസ്ഥാന സർക്കാരിനുള്ള തടസങ്ങൾ മുൻനിർത്തി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് അടിയന്തരമായി ഫണ്ട് കണ്ടെത്തുന്നതിനായി കിഫ്ബി പോലെ ഒരു സംവിധാനത്തിന് സർക്കാർ രൂപം കൊടുത്തത്.
7.5-8 % മാത്രം പലിശ വരുന്ന കടമെടുപ്പ് സംസ്ഥാനസർക്കാരുകൾക്ക് മാത്രം ലഭ്യമായ സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ അടിസ്ഥാനപ്പെടുത്തിയുള്ള കടമെടുപ്പാണ്.അത് പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കിഫ്ബി പോലെ ഉള്ള ബോഡികോർപ്പറേറ്റുകൾക്കോ അനുവദനീയമല്ല.
ആന്യൂറ്റി മാതൃകയിലുള്ള ഫിനാൻസിങ്ങിന്റെ ഏറ്റവും വലിയ ഗൂണം വരും ഭാവിയിലെ പൗരൻമാർ അവർ അനുഭവിക്കുന്ന സൗകര്യങ്ങളുടെ പണം മാത്രമാണ് നികുതിയായി തിരിച്ചടയ്ക്കേണ്ടി വരിക എന്നതാണ്. വിദൂര ഭാവിയിൽ എന്നോ വരുന്ന വികസനത്തിന് വേണ്ടിയല്ല അവർ നികുതി നൽകുന്നതെന്ന് ചുരുക്കം.തന്നെയുമല്ലഅടിസ്ഥാനസൗകര്യ മുതൽക്കൂട്ട്(Asset) ഏറെ നാൾ നിലനിൽക്കുന്നതാകയാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള തിരിച്ചടവ് ആണ് ഹൃസ്വകാല വായ്പകളേക്കാൾ വിവേകപൂർണമായിട്ടുള്ളത്.
മറ്റൊരു കാര്യം ഒരു പദ്ധതിയും തീരുമാനിക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നത് കിഫ്ബിയല്ല.ഒരു പദ്ധതികളും കിഫ്ബിയുടേതുമല്ല. ബജറ്റിൽ പ്രഖ്യാപിക്കുന്നതാണ് ഒരുവിഭാഗം . മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് വരുന്നതാണ് മറ്റൊരു വിഭാഗം പദ്ധതികൾ.അതായത് സർക്കാരിനു കീഴിലുള്ള ഭരണവകുപ്പുകളുടേതാണ് പദ്ധതികൾ. അല്ലാതെ സ്വയേച്ഛയാ കിഫ്ബിക്ക് പദ്ധതികൾ പ്രഖ്യാപിക്കാനോ വേണ്ടെന്നു വയ്ക്കാനോ കഴിയില്ല. ഇത്രയധികം പ്രവർത്തനപരിചയമുള്ള ശ്രീ ഇ ശ്രീധരനിൽ നിന്ന് ഇങ്ങനെയുള്ള പരാമർശങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും വിധം ഉണ്ടായത് നിർഭാഗ്യകരമായി എന്നുമാത്രം ആവർത്തിക്കട്ടെ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം