പ്രാദേശിക നേതാക്കളുടെ പിടിവാശി മാറി; ഒടുവില്‍ കിം ജോങ് ഉന്നിന്റെ ഫ്‌ളക്‌സ് മാറ്റി

സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചു ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രത്തോടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി. ചിത്രം ഉപയോഗിച്ചത് ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായതിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫ്‌ളക്‌സ് നീക്കിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് താന്നിമൂട്ടില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റിയത്. നെടുങ്കണ്ടം ടൗണിലെ ഫ്‌ളക്‌സ് ബോര്‍ഡ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ മാറ്റിയിരുന്നെങ്കിലും താന്നിമൂട്ടില്‍ പ്രാദേശിക നേതാക്കളുടെ പിടിവാശിയില്‍ ഏരിയ സമ്മേളനത്തിന് ശേഷവും ഫ്‌ളക്‌സ് മാറ്റിയിരുന്നില്ല.

ഫ്ളക്സിനെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എയും രംഗത്തു വന്നിരുന്നു. “”മോര്‍ഫിങ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കു സമയമില്ലാത്തതു കൊണ്ടായിരിക്കും എന്ന് തോന്നുന്നു”” എന്ന് ഫ്‌ളക്‌സ് ബോര്‍ഡിന്റെ ഫോട്ടോ പങ്കുവെച്ച് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more

വൈദ്യുതി മന്ത്രി എം.എം.മണിയുടെ മണ്ഡലത്തിലാണ് കിം ജോങ് ഉന്നിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ഫളക്‌സ് ബോര്‍ഡ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചത്.