വിജയഗാഥ രചിച്ച് കിന്‍ഫ്ര, മൂന്നു വര്‍ഷംകൊണ്ട് നേടിയത് 2233 കോടിയുടെ നിക്ഷേപം; സൃഷ്ടിച്ചത് 27000 തൊഴിലവസരങ്ങള്‍

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ വിജയഗാഥ രചിച്ച് കിന്‍ഫ്ര. കഴിഞ്ഞ മൂന്നു വര്‍ഷം കിന്‍ഫ്ര കേരളത്തില്‍ സൃഷ്ടിച്ചത് 27335 തൊഴിലവസരങ്ങള്‍. 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരാനും കോര്‍പ്പറേഷന് സാധിച്ചു. 419 വ്യവസായ യൂണിറ്റുകള്‍ക്കായി 211 ഏക്കര്‍ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്ഥലവും അനുവദിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

കിന്‍ഫ്ര ഇതുവരെ കേരളത്തില്‍ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവര്‍ഷംകൊണ്ട് നേടാനായതാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2016-21 കാലയളവിലെ നേട്ടത്തിന് അടുത്തെത്താനും ഈ മൂന്നു വര്‍ഷംകൊണ്ട് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നു പതിറ്റാണ്ടുകൊണ്ട് വിവിധ മേഖലകളിലായി 31 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച കിന്‍ഫ്ര ആകെ 70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 6500 കോടിയോളം സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരികയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കൊച്ചി-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിക്കായി രണ്ട് നോഡുകളിലായി 1273 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത് ചരിത്ര നേട്ടമാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

10,000 കോടി രൂപയുടെ നിക്ഷേപവും ഏകദേശം 22,000 നേരിട്ടും 80,000 പരോക്ഷ തൊഴിലവസരങ്ങളും പാലക്കാട് നോഡില്‍ പ്രതീക്ഷിക്കുന്നുണ്ട്. എറണാകുളത്തെ ഗിഫ്റ്റ് സിറ്റിയില്‍ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പേര്‍ക്ക് നേരിട്ടും 20,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 600 കോടിയോളം വരുമാനവും ഇതില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ടിസിഎസ്, ടാറ്റ എലക്‌സി, വി-ഗാര്‍ഡ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, ഹൈക്കണ്‍, വിന്‍വിഷ് ടെക്‌നോളജീസ്, ട്രാന്‍സ്- ഏഷ്യന്‍ ഷിപ്പിംഗ് കമ്പനി, ജോളികോട്‌സ്, ഡി-സ്‌പേസ്, ജെന്‍ റോബോട്ടിക്‌സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് ഭൂമിയും ബില്‍റ്റ്-അപ്പ് സ്ഥലങ്ങളും അനുവദിക്കാന്‍ കിന്‍ഫ്രയ്ക്ക് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു.

രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക്, തൊടുപുഴയിലെ സ്‌പൈസസ് പാര്‍ക്ക്, കൊച്ചി കാക്കനാട് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി), തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ഒമ്പത് നിലകളിലായി നിര്‍മിച്ച് ടാറ്റ എലക്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച അത്യാധുനിക ഐടി കെട്ടിടത്തിന്റെ ആദ്യ ഘട്ടം, മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഐടി/ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കുവേണ്ടി അനുവദിച്ച ഒരു ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി (നിയോസ്‌പേസ് രണ്ട്) തുടങ്ങിയവയും കിന്‍ഫ്രയുടെ സമീപകാല നേട്ടങ്ങളാണ്.

പതിനായിരത്തോളം ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍, ഐടി/ഐടി അനുബന്ധ സേവനങ്ങള്‍ക്കായി 700 കോടി രൂപ മുതല്‍മുടക്കില്‍ കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലെ 36.84 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ടിസിഎസ് ഇന്നൊവേഷന്‍ പാര്‍ക്കിനും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡിജിറ്റല്‍ സര്‍വ്വകലാശാല ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്കില്‍ 10 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഗ്രാഫീന്‍ പാര്‍ക്കിനും സ്ഥലം അനുവദിച്ചുകഴിഞ്ഞു.

മട്ടന്നൂരിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി, കൊച്ചിയിലെ പെട്രോകെമിക്കല്‍ പാര്‍ക്കും ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററും, തിരുവനന്തപുരത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി രണ്ടാം ഘട്ടവും യൂണിറ്റി മാളും, പാലക്കാട്ടെയും കൊച്ചിയിലേയും ഇന്‍ഡസ്ട്രിയല്‍ വാട്ടര്‍ സപ്ലൈ പദ്ധതി എന്നിവ നടപ്പാക്കല്‍ ഘട്ടത്തിലാണ്.

രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിയ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റത്തില്‍ കിന്‍ഫ്രയുടെ കൊച്ചി ഹൈടെക് പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, മഴുവന്നൂരിലെ ചെറുകിട വ്യവസായ പാര്‍ക്ക്, കഞ്ചിക്കോട്ടെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നീ അഞ്ച് പാര്‍ക്കുകള്‍ ദക്ഷിണമേഖലയില്‍ മികവില്‍ ഒന്നാമതെത്തിയത് കിന്‍ഫ്രയുടെ പ്രവര്‍ത്തന മികവിന്റെ തെളിവാണെന്ന് എംഡി സന്തോഷ് കോശി തോമസ് ചൂണ്ടിക്കാട്ടി.

Latest Stories

സിപിഎം വിട്ട മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു, ഒപ്പം മകനും; പാർട്ടിയിൽ ചേരുന്നവരെ സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രൻ

രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞു; യുപി അതിർത്തിയിൽ സംഘർഷാവസ്ഥ, സംഭൽ യാത്രയിൽ നിന്ന് പിൻമാറാതെ നേതാക്കൾ കാറിൽ തുടരുന്നു

എനിക്ക് രോഹിതും ഗംഭീറും നിർദേശങ്ങൾ നൽകിയിട്ടുണ്ട്, അതിനാൽ ആ കാര്യങ്ങൾ സംസാരിക്കുന്നതിൽ വിലക്കുണ്ട്; പത്രസമ്മേളനത്തിൽ കെഎൽ രാഹുൽ പറഞ്ഞത് ഇങ്ങനെ

മയക്കുമരുന്ന് കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

മരിച്ചയാളോട് അല്‍പമെങ്കിലും ആദരവ് കാണിക്കണം; പിടിവാശി വേണ്ടെന്ന് ഹൈക്കോടതി; കോടതിയില്‍ നിന്ന് അടിയേറ്റ് എം എം ലോറന്‍സിന്റെ മകള്‍; മധ്യസ്ഥത വഹിക്കാന്‍ എന്‍എന്‍ സുഗുണപാലന്‍

മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞ സംഭവം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് പൊലീസ്, കേസ് എടുക്കേണ്ടെന്ന നിലപാടിൽ ഡിഎംകെ

ഹൊറര്‍ ഐറ്റം വീണ്ടും ലോഡിങ്; രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍

'പുരുഷന്മാർക്ക് ആർത്തവം ഉണ്ടെങ്കിൽ അപ്പോൾ മനസ്സിലാകും'; ആറ് വനിതാ ജഡ്‌ജിമാരെ പിരിച്ചുവിട്ട കേസിൽ ജസ്റ്റിസ് നാഗരത്ന

ഇനി അധിക നാളുകളില്ല, വധുവായി അണിഞ്ഞൊരുങ്ങാന്‍ കീര്‍ത്തി; വിവാഹം ഡിസംബര്‍ 12ന്

അനധികൃത സ്വത്ത് സമ്പാദനകേസ്; എഡിജിപി എം ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു