ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നായ ‘എയര്‍ബസ് എച്ച് 145’ ഇനി കേരളത്തിലും. ലോകത്ത് ആകെ 1,500 ‘എയര്‍ബസ് എച്ച് 145’ ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. അതാണിപ്പോള്‍ പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി.രവി പിള്ള കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ വാങ്ങുന്നത്. 100 കോടിയോളം രൂപ ചെലവഴിച്ചാണ് ഡോ. ബി.രവി പിള്ള ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കിയത്. പൈലറ്റിന് പുറമെ 7 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കും. കടല്‍ നിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയുമെന്നതാണ് എച്ച് 145ന്റെ സവിശേഷത.
ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ‘എനര്‍ജി അബ്‌സോര്‍ബിങ്’ സീറ്റുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അപകടങ്ങളില്‍ ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റവും ഈ ഹെലികോപ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്.
Read more
ഇന്നലെ റാവിസ് കോവളം മുതല്‍ റാവിസ് അഷ്ടമുടി വരെ നടന്ന ഉദ്ഘാടന യാത്രയില്‍ ആര്‍പി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഗണേഷ് രവിപിള്ള പങ്കെടുത്തു. മലബാര്‍, അഷ്ടമുടിക്കായല്‍, അറബിക്കടല്‍ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒരു ദിവസം കൊണ്ട് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആഡംൂര ടൂര്‍ പദ്ധതികളാണ് ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നതെന്ന് റാവിസ് ഹോട്ടല്‍സ് ബിസിനസ് ഡവലപ്‌മെന്റ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എസ്.ശരത് പറഞ്ഞു. കോഴിക്കോട്ടെ ഹോട്ടല്‍ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളില്‍ ഹെലിപാഡ് സൗകര്യമുണ്ട്.