മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങൾ ഈയിടെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അഖിൽ മാരാർ ഉയർത്തുന്നത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുമായി ഗുരുതര ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം പൊളിച്ചടക്കുകയാണ് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത്.
കെഎസ്എഫ്ഇയുമായി ഉയർന്ന ആരോപണങ്ങളിൽ വ്യക്തമായ മറുപടിയുമായാണ് അൻവർ സാദത്ത് രംഗത്തെത്തിയിട്ടുള്ളത്. കെഎസ്എഫ്ഇയുടെ ‘വിദ്യാശ്രീ’യ്ക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു തുകയും ചെലവാക്കിയിട്ടില്ലെന്നും പ്രസ്താവനയിൽ അൻവർ സാദത്ത് ചൂണ്ടിക്കാട്ടുന്നു. അഖിൽ മാരാർ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകളടക്കമാണ് അൻവർ സാദത്ത് പുറത്ത് വിട്ടിരിക്കുന്നത്.
കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചതായി അഖിൽ മാരാർ ആരോപിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ കണക്കുകൾ ശെരിയാവുന്നില്ലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും അഖിൽ മാരാർ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് കൈറ്റ് സിഇഒ, കെ. അൻവർ സാദത്ത് വിശദീകരണവുമായി രംഗത്തെത്തിയത്. കെഎസ്എഫ്ഇ യുടെ ലോണധിഷ്ഠിത ‘വിദ്യാശ്രീ’ പദ്ധതിയും പൊതുവിദ്യാഭ്യാസ വകുപ്പില്‍ കൈറ്റ് വഴി നടപ്പാക്കിയ ‘വിദ്യാകിരണം’ പദ്ധതിയും ഒന്നല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
കെഎസ്എഫ്ഇ കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തിയ ‘വിദ്യാശ്രീ’ പദ്ധതി കുടുംബശ്രീ അംഗങ്ങള്‍ക്ക് ലോണ്‍ ഉപയോഗിച്ച് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണെന്ന് പ്രസ്താവനയിൽ പറയുന്നു. അങ്ങനെ വാങ്ങിയ ലാപ്‍ടോപ്പുകളില്‍ അവശേഷിക്കുന്നവയാണ് കോവിഡ് കാലത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി സ്കൂളുകള്‍ക്ക് വിദ്യാകിരണം പദ്ധതിയിലൂടെ ലഭ്യമാക്കിയത്. ഇതിനു മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക ചെലവാക്കിയിട്ടുള്ളതെന്നും അൻവർ സാദത്ത് പ്രസ്താവനയിൽ പറയുന്നു.
വിദ്യാകിരണം പദ്ധതി സമയത്ത് വിദ്യാകിരണം പോര്‍ട്ടല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായമെത്തിയത്. അതിന് പുറമെ സിഎസ്ആർ ഫണ്ട് വഴി കൈറ്റിനും തുക ലഭിച്ചു. ഇതിന്റെ കണക്കുകളും അൻവർ സാദത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെഎസ്എഫ്ഇയുടെ വിദ്യാശ്രീയില്‍ വാങ്ങിയ ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പദ്ധതിവഴി നല്‍കിയത് (ഇതിനുള്ള തുക സിഎംഡിആർഎഫ്ല്‍ നിന്ന്) 45313. വിദ്യാകിരണം പദ്ധതിവഴി കൈറ്റ് വാങ്ങിയത് – 2360. ആകെ ലാപ്‍ടോപ്പുകള്‍ – 47673. ഇതുകൂടാതെ ധനകാര്യ വിശകലനവും, പദ്ധതിയുടെ നാള്‍വഴികളും എല്ലാം അൻവർ സാദത്ത് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സിനിമാ സംവിധായകനും ബിഗ് ബോസ് വിജയിയുമാണ് അഖിൽ മാരാർ. ആദ്യ പ്രളയകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ വന്ന ഒരു പോസ്റ്റിന് കമന്റ് ഇട്ടാണ് അഖിൽ മാരാർ കുപ്രസിദ്ധി നേടിയെടുക്കുന്നത്. ഈ കമന്റ് അന്ന് വലിയ വിവാദമായിരുന്നു. പിന്നീട് വായനാട്ടിലുണ്ടായ ഉൾപൊട്ടലിന്റെ സമയത്ത് അഖിൽ മാരാർ വീണ്ടും ശ്രദ്ധ ആകർഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ആരോപണങ്ങൾ ഉന്നയിച്ചു.
ദുരിതാശ്വാസ നിധിക്കെതിരായ പരാമർശത്തിൽ നിലവിൽ അഖിൽ മരർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ കഴിഞ്ഞേക്കും. അഖിൽ മരർ ഉന്നയിക്കുന്ന കാര്യങ്ങൾ തീർത്തും വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന വ്യക്തമായ യാഥാർഥ്യമാണ് കെഎസ്എഫ്ഇയുമായി ഉയർന്ന യാഥാർഥ്യങ്ങളിൽ കൈറ്റ് സിഇഒ, കെ. അൻവർ സാദത്ത് നൽകുന്ന മറുപടി.