സിപിഎമ്മിന് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് കിറ്റെക്സ് ഗ്രൂപ്പിൽ നിന്നെന്ന് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി ഏറ്റവും കൂടുതൽ കൊമ്പുകോർത്ത കിറ്റെക്സ് കമ്പനി തന്നെയാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്നാണ് കൗതുകകരം.
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഎമ്മിന് ചെക്ക് വഴി കിറ്റെക്സ് ഗ്രൂപ്പ് 30 ലക്ഷം രൂപയാണ് നൽകിയത്. കേരളത്തിലുള്ള വ്യക്തികൾ, ബിൽഡർമാർ, സ്വർണവ്യാപാരികൾ എന്നിവരിൽ നിന്നാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ചത്.
ദേശീയ തലത്തിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ രണ്ടാമതാണ് കിറ്റെക്സിന്റെ സ്ഥാനം. 56.8 ലക്ഷം സംഭാവന നൽകിയ സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം, സിപിഎമ്മിന് സംഭാവന നൽകിയത് സാമാന്യ മര്യാദയുടെ പേരിലാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് പ്രതികരിച്ചു. അവരെ പേടിയുള്ളത് കൊണ്ടല്ല, തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് പണം സംഭാവന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതേ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്.