തെലങ്കാന സര്‍ക്കാരിന്റ ഭാഗത്തു നിന്ന് ഒരു തരത്തിലുമുള്ള ശല്യമോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകിയതായി മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനം ഉറപ്പ് നല്‍കുന്നതായും ഒരു തരത്തിലുള്ള വേട്ടയാടലുകളും ഉണ്ടാവില്ലെന്നും സാബു പറഞ്ഞു. അനാവശ്യമായ പരിശോധനകളോ കേസുകളോ ഉണ്ടാവില്ലെന്നും മന്ത്രി രാമ റാവു സംഘത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു കൂടിക്കാഴ്ചകളിലായി തെലങ്കാനയുടെ വ്യവസായ നയവും ആനുകൂല്യങ്ങളും സാധ്യതകളും മന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും വാഗ്ദാനം ചെയ്തതിൽ കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്നു മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകി. സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളത് എന്നാണ് ബോധ്യപ്പെട്ടതെന്നും സാബു പറയുന്നു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാർ തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരങ്ങളും നിക്ഷേപങ്ങളും വർധിപ്പിക്കലാണ് തെലങ്കാനയുടെ മുഖ്യ പരിഗണന. പരിശോധനകളുടെയും കേസുകളുടെയും പേരില്‍ ഒരു വ്യവസായത്തെയും ബുദ്ധിമുട്ടിക്കില്ല.
തെലങ്കാനയിൽ വ്യവസായ നിക്ഷേപത്തിനു കിറ്റെക്സുമായി ധാരണയായെന്ന് വ്യവസായ മന്ത്രി കെ.ടി. രാമറാവു ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രാരംഭ ഘട്ടത്തിലുണ്ടാകുകയെന്നും വ്യക്തമാക്കി. വാറങ്കലിലെ കക്കാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ഫാക്ടറി സ്ഥാപിക്കുന്നതിനാണ് പ്രാരംഭ ചർച്ച നടക്കുന്നത്.
Read more
കേരളത്തിൽ കിറ്റെക്സ് നിക്ഷേപിക്കുന്നതിനു പദ്ധതിയിട്ട 3500 കോടി രൂപയുടെ വ്യവസായ നിക്ഷേപം ഉപേക്ഷിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സഹായങ്ങൾ വാഗ്ദാനം ചെയ്ത് തെലങ്കാന സർക്കാർ സാബുവിനെ സമീപിക്കുകയായിരുന്നു. . ഹൈദരാബാദിൽനിന്നു സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം തെലങ്കാനയിലേക്ക് പോയത്.