കിറ്റെക്‌സ് എംഡി സാബു ജേക്കബിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. പരസ്യമായി തന്നെ അപമാനിക്കുന്നുവെന്ന് കാട്ടിയാണ് ശ്രീനിജന്‍ നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മാസം കിറ്റക്‌സില്‍ ഉണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നാണ് പരാതി. എംഎല്‍എ എന്ന ഭരണഘടനാ പദവിയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് സമ്മതിക്കാത്ത തരത്തിലാണ് സാബു ജേക്കബിന്റെ പെരുമാറ്റമെന്നും ശ്രീനിജന്‍ പറയുന്നു.
കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പൊലീസ് ജീപ്പ് കത്തിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് സാബു ജേക്കബ് ശ്രീനിജനെതിരെ സംസാരിച്ചത്. കഴിഞ്ഞ മാസം 26ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് കുന്നത്തുനാട് എംഎല്‍എ ശ്രീനിജനെതിരെ സാബു ജേക്കബ് അപമാനിച്ചത്. നമുക്ക് ഏതെങ്കിലും മാന്യനായ ആളുകളോട് സംസാരിക്കാം എന്നും നമ്മളോട് തുല്യരായ ആളുകളുമായി വേണം സംസാരിക്കാനെന്നുമായിരുന്നു സാബു ജേക്കബിന്റെ പരാമര്‍ശം.
അയാള്‍ എനിക്ക് എംഎല്‍എ അല്ലെന്നും ശ്രീനിജനാണെന്നും എനിക്കയാളോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും, എനിക്ക് അയാളുടെ സൂക്കേട് തീര്‍ക്കാന്‍ സമയമില്ലെന്നുമായിരുന്നു സാബുവിന്റെ വാക്കുകള്‍. ചര്‍ച്ചയുടെ ഡിജിറ്റല്‍ പകര്‍പ്പ് അടക്കമാണ് ശ്രീനിജന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.