കെ.കെ ലതികയെ നിയമസഭയില്‍ വെച്ച് കൈയേറ്റം ചെയ്തുവെന്ന കേസ്: മുന്‍ എം.എല്‍.എമാര്‍ക്ക് വാറണ്ട്

കെ.കെ.ലതികയെ നിയമസഭയില്‍ വെച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറണ്ട്. എം എ വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്കാണ് വാറണ്ട്. കെ.കെ ലതിക തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്തിരുന്നത്. നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം, നിയമസഭാ കൈയാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജന്‍ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇ.പി ജയരാജന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തിയതി ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ അന്ന് തീരുമാനിക്കും.