വിവാദത്തിന് പിന്നാലെ 'കാഫിർ' പോസ്റ്റ് പിൻവലിച്ച് കെകെ ലതിക; ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു. പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലതികയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.

തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു. നേരത്തെ പോസ്റ്റ് വ്യാജമാണെന്നറിഞ്ഞിട്ടും ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്തില്ലെന്നും ലതികയെ അറസ്‌റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ് നിന്ന വടകരയിലെ തരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം.

ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുളള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്‍റെ പേരിലാണ് പുറത്തിറങ്ങിയതെങ്കിലും ഇതുവരെയുളള അന്വേഷണത്തില്‍ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. മാത്രമല്ല, ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചിരുന്നു.

കേസിനാവശ്യവമായ വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഫെയ്സ് ബുക്കിന്‍റെ നോഡല്‍ ഓഫീസറെ പ്രതിയാക്കിയതും ഇതേ കേസിലാണ്. മാത്രമല്ല, ജാമ്യമില്ലാ കുറ്റ ചുത്തിയായിരുന്നു കാസിമിനെതിരെ കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് നല്‍കിയ പരാതിയില്‍ ഇതുവരെയും പ്രതികളായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതടക്കമുളള കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം. ഈ മാസം 28 നാണ് കേേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.