Connect with us

KERALA

‘അശ്ലീല സൈബര്‍ ക്വട്ടേഷന്‍’ പുച്ഛത്തോടെ തള്ളിക്കളയുന്നു, എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നത് സിപിഐഎമ്മിന്റെ രീതിയെന്ന് കെ കെ രമ

, 11:27 pm

കോണ്‍ഗ്രസ് നേതാക്കളുമായി കൂട്ടിച്ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട അശ്ലീല പോസ്റ്റുകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. 2012 മുതല്‍ ഇത്തരം അനുഭവങ്ങളുണ്ട്. താന്‍ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും അനീതികളെ ചെറുക്കുകയും ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും നേരിടുന്ന വിഷയമാണിതെന്നും രമ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗികമായി അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകള്‍ ഇടുക എന്നത് സ്ഥിരം രീതിയാണ്. തന്നെ സംബന്ധിച്ചിടത്തോളം അതൊന്നും തെല്ലും മനോബലം തകര്‍ക്കില്ലെന്നും രമ സൗത്ത്‌ലൈവിനോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുകയും അവര്‍ പൊതുരംഗത്ത് വരണം എന്ന് പറയുകയും ചെയ്യുന്ന പുരോഗമനവാദികളായ ആളുകളുള്ള സി.പി.ഐ.എമ്മാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നതാണ് വിഷയം. അവരുടെ സംഘടനയ്‌ക്കെതിരെ പറയുമ്പോള്‍ സ്ത്രീയും പുരുഷനുമില്ല. സ്ത്രീയാണെങ്കിലും അവര്‍ ഒരു പരിഗണനയും നല്‍കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളില്‍ നിന്ന് മനസിലാകുന്നത്. തങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ ഏത് വിധേനെയും കായികമായും മാനസികമായും അടിച്ചമര്‍ത്തണമെന്നാണ് അവര്‍ കരുതുന്നതെന്നും രമ പറഞ്ഞു.

പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി കൊടുക്കുന്നില്ലെന്നും രമ  പറഞ്ഞു. പരാതി കൊടുത്തിട്ട കാര്യമില്ല. മുന്‍പ് പ്രത്യക്ഷമായി ഇത്തരം ആക്രമണമുണ്ടായിട്ടും തനിക്കെതിരെ വന്ന വാര്‍ത്തയ്‌ക്കെതിരെ പരാതി കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സൈബര്‍ ഇടങ്ങളിലോ വാര്‍ത്തകളിലോ അല്ലാതെ നേരിട്ട് അധിക്ഷേപങ്ങളും അനുഭവങ്ങളുമുണ്ടായിട്ടില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.