ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക പുറത്ത്. വടകരയില്‍ നിന്ന് മുന്‍ മന്ത്രി കെകെ ശൈലജ സിപിഎം സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പത്തനംതിട്ടയില്‍ നിന്ന് മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്കും, കണ്ണൂരില്‍ നിന്ന് എംവി ജയരാജനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു.
ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച ശേഷമാണ് സിപിഎം സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചാലക്കുടിയില്‍ നിന്നും മുന്‍ ലീഗ് നേതാവ് കെഎസ് ഹംസ പൊന്നാനിയില്‍ നിന്നും സിപിഎമ്മിനുവേണ്ടി ജനവിധി തേടും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈന്‍ മത്സര രംഗത്തുണ്ടാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിമാരും മത്സരിക്കും.
കൊല്ലം എംഎല്‍എയായ എം മുകേഷ് കൊല്ലത്ത് നിന്നും മത്സരിക്കുമ്പോള്‍ ജോയ്‌സ് ജോര്‍ജ്ജാണ് ഇടുക്കിയില്‍ സിപിഎമ്മിനായി മത്സര രംഗത്തിറങ്ങുന്നത്. സിപിഎമ്മിന്റെ ഏക സിറ്റിംഗ് എംപിയായ എഎം ആരിഫ് ആലപ്പുഴയില്‍ നിന്ന് തന്നെ മത്സരിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും മത്സരിക്കും.
മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പാലക്കാട് നിന്നും എളമരം കരീം കോഴിക്കോട് നിന്നും മത്സരിക്കും. പൊന്നാനിയില്‍ കെഎസ് ഹംസയും മലപ്പുറത്ത് വി വസീഫ് കാസര്‍കോട് എംവി ബാലകൃഷ്ണന്‍ എന്നിവരും സിപിഎമ്മിനായി മത്സര രംഗത്തുണ്ടാകും.