മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രധാന ഉത്തരവ്. കേസിലെ രണ്ടാം പ്രതി വഫയെ ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കി. വഫ ഫിറോസിനെതിരെ പൊലീസ് പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി അപകടം നടന്ന അന്നു മുതല്‍ പൊലീസും ഐഎഎസ് ലോബിയും നടത്തുന്ന ശ്രമത്തിന്റെ തെളിവുകള്‍ അടക്കം കോടതി പരിഗണിച്ചിട്ടില്ല. ഈ വിഷയങ്ങള്‍ കൂടി ഹൈക്കോടതിയെ ബോധ്യപ്പെടുത്തി മനപ്പൂര്‍വമായ നരഹത്യ കുറ്റം ഉള്‍പ്പെടുത്താനുള്ള ശക്തമായ നടപടിക്ക് പ്രോസിക്യൂഷന്‍ തയ്യാറാകണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
മനപ്പൂര്‍വമായ നരഹത്യ വകുപ്പ് അടക്കം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് അന്ന് ഒഴിവായത്. മനപ്പൂര്‍വമുള്ള നരഹത്യയ്ക്കുള്ള വകുപ്പായ 304-2 ഒഴിവാക്കി. അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി. അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, എംഎസിടി 184 എന്നീ വകുപ്പുകളില്‍ വിചാരണ നേരിട്ടാല്‍ മതി. കൂടെയുണ്ടായിരുന്ന വഫയ്‌ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണക്കുറ്റം മാത്ര. നിര്‍ണായകമാകേണ്ടിയിരുന്ന, ശ്രീറാം മദ്യപിച്ചതിനുള്ള തെളിവ് ഹാജരാക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.