മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനോടും വഫ ഫിറോസിനോടും നേരിട്ട് ഹാജരാകാന്‍ കോടതി. സെപ്റ്റംബര്‍ 16-ന് ഹാജരാകാനാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ (മൂന്ന്) ഉത്തരവ്. ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയുള്ള പ്രതികളുടെ അവധി അപേക്ഷ അനുവദിച്ചാണ് ഉത്തരവ്.
കുറ്റപത്രത്തിൻറെ പകര്‍പ്പുകള്‍ ഇരുപ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24-ന് നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കുള്ള ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. പ്രതികളെ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രം, സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ ശ്രീറാമിനു മേൽ നരഹത്യ കുറ്റം 304 (രണ്ട്) പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Read more
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ച ഒന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.