"രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ അനാഥമാക്കിയ സംഭവം, സർക്കാർ ഉത്തരവാദിത്വം മറക്കരുത്"; മാധ്യമ പ്രവർത്തകൻ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ

സിറാജ് പത്രത്തിന്റെ തിരുവനത്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ചു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ. പൊലീസ് നിലവിൽ കാര്യങ്ങള്‍ മൂടിവെയ്ക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി നാരായണൻ .സി. തളിയിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണെന്നും ഈ അപകടം യാദൃച്ഛികമല്ലെന്നും എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകാതെ സി.സി. ടി.വി. ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം ഉണ്ടാവണമെന്നും പത്രപ്രവർത്തക യൂണിയൻ കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ…

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങൾ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുത്തുവോ എന്ന കാര്യത്തിൽ പോലും അധികൃതർ ഉറപ്പു പറയുന്നില്ല ഇപ്പോൾ. പൊലീസിന്റെ നിലപാടുകൾ സംശയാസ്പദമാണ്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം.

എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.

കേരള പത്രപ്രവർത്തക യൂണിയൻ
സംസ്ഥാന സമിതി

Read more

https://www.facebook.com/photo.php?fbid=10220096780878015&set=a.10206252772306453&type=3