പിണറായി വിജയന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെ.എം മാണി

പിണറായി വിജയന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു കേരള കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് കെ.എം മാണി. എന്നാല്‍ തെറ്റു ചെയ്താല്‍ അതു തെറ്റാണെന്നു പറയുമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമ്മേളനത്തില്‍ കെ.എം.മാണി പറഞ്ഞു.

അതേ സമയം, വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ.മാണി എംപി പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാര്‍ട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്നു കുത്തിയത്. കേരള കോണ്‍ഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവര്‍ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

Read more

അധ്യക്ഷത വഹിച്ച പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പ്രസംഗത്തില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും നേരിട്ടു പറഞ്ഞില്ല. എന്നാല്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ മാത്രമാണ് ഈ സര്‍ക്കാരും പിന്തുടരുന്നതെന്നു പറഞ്ഞതിലൂടെ യുഡിഎഫിനോടുള്ള ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തെപ്പറ്റി ഒരിക്കല്‍ക്കൂടി ജോസഫ് സൂചന നല്‍കി. നിര്‍ണായക രാഷ്ട്രീയ നയങ്ങള്‍ തീരുമാനിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10നു ഹോട്ടല്‍ ഐഡയില്‍ നടക്കും.