എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വിപ്ലവത്തിന്റെ പേര് പറഞ്ഞ് ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന് ഇന്ന് കാമ്പസുകളില്‍ കാണുന്ന പേരാണ് എസ്.എഫ്.ഐയെന്ന് അദ്ദേഹം പറഞ്ഞു. ഉടുതുണി അഴിക്കാന്‍ വരുന്ന എസ്.എഫ്.ഐക്കാരുടെ മുന്നില്‍ പെണ്‍കുട്ടികളുടെ വസ്ത്രമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാറണമെന്നും ഷാജി പറഞ്ഞു. എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പോര്‍ട്ടിക്കോ-ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപ്ലവത്തിന്റെ പേര് പറഞ്ഞ് ക്യാമ്പസില്‍ ഉടയാടകള്‍ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്.എഫ്.ഐ. മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യം ഉണ്ടാക്കുകയാണ് അവര്‍. കാണാനുള്ള കണ്ണിന്റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്റെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിന്റെ ചേരുവ ചേര്‍ത്ത് വില്‍ക്കുന്ന തോന്നിവാസമാണ് എസ്.എഫ്.ഐയെന്നും ഷാജി പറഞ്ഞു.
അതിന് നിന്ന് കൊടുക്കുമ്പോള്‍ നഷ്ടമാകുന്നത് വ്യത്യസ്തതതയും വ്യക്തിത്വവും വ്യതിരിക്തതയുമാണ്. അതാണോ ക്യാമ്പസില്‍ ഉണ്ടാവണമെന്ന് പറയുന്നത്. മനുഷ്യരാകാനാണ് പഠിക്കേണ്ടതെന്ന് ഷാജി പറഞ്ഞു.
കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന വിവാദ പ്രസ്താവന മുസ്ലിം ലീഗ് വീണ്ടും ആവര്‍ത്തിച്ചു. നേരത്തെ വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വര്‍ഗീയ പ്രസ്താവന നടത്തിയ അബ്ദുറഹ്‌മാന്‍ കല്ലായി പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.