സില്വര്ലൈന് പദ്ധതിക്ക് അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനത്തിന് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കണം. കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിന് സഹായകമായ പദ്ധതി പ്രഖ്യാപിക്കണം. എയിംസ് ആദ്യം കിട്ടേണ്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളമെന്നും ഇത്തവണത്തെ ബജറ്റില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാല്‍ പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ബജറ്റിനെ സ്വാധീനിച്ചേക്കും. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, എംഎസ്എംഇ, ഇലക്ട്രോണിക് വാഹനമേഖല എന്നിവയ്ക്ക് കാര്യമായ പരിഗണന ലഭിക്കും.
ഇടത്തരം വരുമാനക്കാരും ശമ്പള വരുമാനക്കാരും നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അതിസമ്പന്നര്‍ക്ക് നികുതിയുണ്ടാകുമോ എന്നും അറിയാം.