കേരളത്തില്‍ വിദേശമദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിലൂടെ വന്‍ വിലവര്‍ധന ഉണ്ടാകില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ മദ്യത്തിനും കുത്തനെ വില വര്‍ദ്ധിക്കുമെന്നുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദേഹം നിയമസഭയെ അറിയിച്ചു. ഒരിനം മദ്യത്തിന് 20 രൂപയും മറ്റുള്ളവയ്ക്ക് പരമാവധി 10 രൂപയും മാത്രമാണ് വര്‍ധിക്കുന്നത്. 2022-ലെ കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബില്‍ സഭ പാസാക്കി.
വില്‍പ്പന നികുതി നാലു ശതമാനം കൂട്ടിയെങ്കിലും ഫലത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയാകും അനുഭവപ്പെടുക. സ്പിരിറ്റിന്റെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ മദ്യ ഉല്‍പ്പാദനം നിര്‍ത്തുന്ന അവസ്ഥയെത്തി. കമ്പനികളുടെ നഷ്ടം പരിഹരിക്കാനാണ് അഞ്ചു ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയത്. പെട്രോളില്‍ ഈഥൈല്‍ ചേര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന വന്നതോടെയാണ് സ്പിരിറ്റ് വില കുത്തനെ കൂടിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മദ്യവില കൂട്ടിയിട്ടുമില്ല. നികുതി വര്‍ധനയ്ക്കു പിന്നില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന പി സി വിഷ്ണുനാഥിന്റെ ആരോപണം അനാവശ്യമാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.