ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ലെന്ന് ആര്‍.എസ്.എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍ മധു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ ഖാദറിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നെന്നും ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും മധു പറഞ്ഞു.
മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്നേഹിയാണ് കെ.എന്‍.എ ഖാദര്‍. മാനവിക നിലപാടുള്ള വ്യക്തിയാണ്. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് എം.കെ മുനീര്‍ പറഞ്ഞു. നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണെന്നും കെ.എന്‍.എ ഖാദറില്‍ നിന്ന് വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.
എന്നാല്‍, ആര്‍.എസ്.എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് ഖാദര്‍ പറഞ്ഞു. സ്‌നേഹബോധി എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആശംസ പറയാന്‍ മാത്രമായിരുന്നു പോയത്. സിനിമ സംവിധായകന്‍ രഞ്ജി പണിക്കരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു. അത് ആര്‍.എസ്.എസ് സംഘടപ്പിച്ച പരിപാടിയല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേസരി മന്ദിരത്തില്‍ വച്ചു നടന്ന സ്‌നേഹബോധി ചടങ്ങിന്റെ ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാച്ഛാദനം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നതാവ് ജെ.നന്ദകുമാറാണ് പൊന്നാടയണിയിച്ചത്.
മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെഎന്‍എ ഖാദറായിരുന്നു.