ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴ ചുമത്തിയത് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് കൊച്ചി കോര്‍പറേഷന്‍ അഭിഭാഷകന്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണമെന്നും ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണം എന്നുമായിരുന്നു ട്രൈബ്യൂണലിന്റെ നിർദേശം.
എന്നാല്‍ തങ്ങളെ വാദിക്കാന്‍ അനുവദിച്ചില്ല എന്നാണ് കോർപറേഷന്‍ അഭിഭാഷകന്‍ പറയുന്നത്. സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനെ ഏതാനും മിനുട്ടുകള്‍ മാത്രമേ വാദിക്കാന്‍ കഴിഞ്ഞുള്ളു. തന്നെ ഒന്നും പറയാന്‍ അനുവദിച്ചില്ല.
മറുപടി സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ഉത്തരവിറക്കുകയായിരുന്നു എന്നാണ് കോര്‍പറേഷന്‍ അഭിഭാഷകന്‍ പറയുന്നത്. മാര്‍ച്ച് ആറിനാണ് ബ്രമ്ഹപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത്.
17ന് കേസ് വാദത്തിനായി പരിഗണിച്ചപ്പോള്‍ കോര്‍പ്പറേഷന് വേണ്ടി അഭിഭാഷകനായ ജെയിംസ് പി തോമസ് ഹാജരായി. എന്നാല്‍ ഒരു വാദവും ഉന്നയിക്കാന്‍ ട്രൈബ്യൂണല്‍ അനുവദിച്ചില്ല. സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജഗന്ത് മുത്തുരാജിന് മൂന്ന് മിനുട്ട് മാത്രമാണ് വാദിക്കാന്‍ അനുവദിച്ചത്.
വിശദമായ മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞാണ് കേസ് മാറ്റിയത്. ഇത് പാലിക്കാതെ ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതേസമയം, ദിവങ്ങളോളം പരിശ്രമിച്ച് ആയിരുന്നു ബ്രഹ്‌മപുരത്തെ തീയും പുകയും അണച്ചത്.