കൊച്ചി കൂട്ടബലാത്സംഗം: ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്ന് വി.ഡി സതീശന്‍

കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

രാത്രിയിലടക്കം സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലേ? മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാന്‍ സാധിക്കുന്നത്? ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

19 വയസ്സുള്ള മോഡലാണ് ബലാത്സംഗത്തിനിരയാത്. ഡി.ജെ. പാര്‍ട്ടി എന്നുപറഞ്ഞാണ് യുവതിയെ ബാറില്‍ കൊണ്ടുവന്നത്. എല്ലാവരും അവിടെവെച്ച് മദ്യപിച്ചു. തുടര്‍ന്ന് കാറില്‍ കയറ്റികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ആസൂത്രിതമാണോ എന്നത് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ബിയറില്‍ പൊടി കലര്‍ത്തി നല്‍കി എന്നതടക്കമുള്ള മൊഴികള്‍ സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനായി രക്തസാമ്പിളുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ ആശുപത്രിയില്‍നിന്നാണ് പൊലീസിനെ വിവരമറിയിച്ചത്.