തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരട് നഗരസഭയില്‍ കായലോരത്ത് പണിത ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഒരുങ്ങി നഗരസഭ. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം.
തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സില്‍ ഇന്ന് ചേരും. രാവിലെ പത്തുമണിയോടെ തന്നെ ഫ്‌ളാറ്റുടമകള്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കും.ഫ്‌ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത്ട അടക്കമുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്യും.ഫ്‌ളാറ്റ് ഉടമകളെ ഏലൂരിലെ ഫാക്ടിന്റെ അതിഥിമന്ദിരങ്ങളിലേക്കടക്കം മാറ്റി താമസിപ്പിക്കാണ് നഗരസഭയുടെയും ജില്ലാഭരണകൂടത്തിന്റെയും തീരുമാനം. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കി സംസ്ഥാനസര്‍ക്കാരിന് പതിനെട്ടിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഇന്നലെ മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജില്ലാ കളക്ടറുമായും മരട് നഗരസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം. നഗരസഭയുടെ പരിമിതികള്‍ നഗരസഭ അധികൃതര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടത് നഗരസഭയാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവുമുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.