കൊച്ചി മെട്രോ കാക്കനാട്ടേക്ക് കുതിക്കും; നിര്‍മ്മാണങ്ങള്‍ക്ക് അതിവേഗം; സ്ഥലം ഏറ്റെടുക്കാന്‍ 33 കോടി രൂപ കൂടി അനുവദിച്ചു

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാനുള്ള പദ്ധതികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. മെട്രോ റെയിലിന്റെ പാത കടന്നു പോകുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായി 33 കോടി രൂപ കൂടി അനുവദിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം ജംക്ഷന്‍ വരെ ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നല്‍കാനാണിത് തുക അനുവദിച്ചിരിക്കുന്നത്. കാക്കനാട് റൂട്ടിലെ ശേഷിക്കുന്ന സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. ഇവിടങ്ങളിലെ പ്ലോട്ട് ഉടമകള്‍ക്ക് വില നല്‍കാന്‍ 69 കോടി രൂപ രണ്ടാഴ്ച മുന്‍പ് അനുവദിച്ചിരുന്നു.

പാലാരിവട്ടം കലൂര്‍ റൂട്ടിലെ ഏതാനും സ്ഥലമുടമകള്‍ റോഡിന് വീതി കൂട്ടാന്‍ സ്ഥലം സൗജന്യമായി വിട്ടു കൊടുക്കാമെന്ന് നേരത്തെ രേഖാമൂലം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവരും സ്ഥലത്തിനു വില വേണമെന്ന നിലപാടിലാണ്. പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലാണ് റോഡിന്റെ ഇരുവശവും. പ്രമാണങ്ങളുടെ പരിശോധന പൂര്‍ത്തിയായ ശേഷമേ വില സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.

Read more

സ്ഥലമെടുപ്പിന് കെഎംആര്‍എല്ലിനു സര്‍ക്കാര്‍ നല്‍കിയ 100 കോടി രൂപയില്‍ നിന്നാണ് ഇപ്പോള്‍ സ്ഥലമെടുപ്പ് വിഭാഗത്തിന് പണം അനുവദിച്ചിരിക്കുന്നത്. അതേ സമയം കാക്കനാട് മെട്രോ തൂണുകള്‍ക്കുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്.