ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കുകയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് കൊച്ചിയും.
നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ (എക്യുഐ) കൊച്ചിയുടെ അന്തരീക്ഷ വായു ‘മോശം’ ഗണത്തില്‍ എത്തി. ഡല്‍ഹിക്കൊപ്പമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയുടെ മലീനീകരണ തോത്. ഇന്നലെ രാവിലെ കൊച്ചിയിലെ എയര്‍ ക്വാളിറ്റി തോത് 223 ആയിരുന്നു.
ഈ സമയം ഡല്‍ഹിയിലേത് 257 ആയിരുന്നു. കൊച്ചിയില്‍ പിഎം 2.5 തോത് 465ലും, പിഎം 10 തോത് 432ലുമാണ്. വൈറ്റിലയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിരീക്ഷണ കേന്ദ്രത്തിലൂടെയാണ് കൊച്ചിയിലെ വായു ഗുണനിലവാരം പരിശോധിക്കുന്നത്.
24 മണിക്കൂറിലെ തോത് ശേഖരിച്ചാണ് ശരാശരി എക്യുഐ അടയാളപ്പെടുത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏക്കറുകണക്കിന് നീണ്ടു കിടക്കുന്ന ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മൊബൈല്‍ വാഹനം സിവില്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
അതേസമയം, ബ്രഹ്‌മപുരത്തെ പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.