കൊടകര കുഴല്‍പ്പണ കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം ശരിയല്ലെന്ന് പൊലീസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് 41 കോടി രൂപ കുഴല്‍പ്പണമായി എത്തിയതായി ഇന്‍കം ടാക്‌സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
കൊടകര കുഴല്‍പ്പണ കേസിനെ കുറിച്ച് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിനോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. തങ്ങള്‍ക്ക് സംഭവത്തെ പറ്റി കേട്ടുകേള്‍വിയേ ഉള്ളൂവെന്നും കുടുതല്‍ ഒന്നും അറിയില്ലെന്നായിരുന്നു ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദേബ് ജ്യോതി ദാസ് പറഞ്ഞത്.
എന്നാല്‍ കേസില്‍ വ്യക്തമായ റിപ്പോര്‍ട്ട് ഇന്‍കം ടാക്‌സിനും തിരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റിനും നല്‍കിയിരുന്നതായാണ് പൊലീസ് നല്‍കുന്ന മറുപടി. ബിജെപിയുടെ പ്രചരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കൊള്ളയടിച്ചതും അതില്‍ 1 കോടി 56 ലക്ഷം രൂപ കണ്ടെത്തിയതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇന്‍കം ടാക്‌സിന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കേസില്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് അഞ്ച് ശ്രോതസുകളിലൂടെയാണ് പണമെത്തിയത്. ഇതില്‍ ഒരു ശ്രോതസില്‍ നിന്നുള്ള പണമാണ് കൊള്ളയടിക്കപ്പെട്ടത്.