കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കവർച്ച ചെയ്ത പണം ബി.ജെ.പി നേതാക്കളുടേതാണെന്ന് കുറ്റപത്രത്തിലുണ്ട്. എന്നാൽ പൊലീസിന്റെ ആദ്യ കുറ്റപത്രത്തിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബി ജെ പി നേതാക്കൾ കേസിൽ സാക്ഷികളാണ്.
ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യ ഘട്ടത്തിൽ കവർച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രം പൊലീസ് പിന്നീട് നൽകിയേക്കും. കവർച്ച കേസിൽ 22 പ്രതികളാണുള്ളത്. 200ന് മുകളിൽ സാക്ഷികളുമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നുവെന്നാണ് കേസ്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവേ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്‍റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലായിരുന്നു ഈ പരാമർശങ്ങള്‍. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.