കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ക്ലബിലാണ് സുരേന്ദ്രൻ ഹാജരായിരിക്കുന്നത്. ഇവിടെ വലിയ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ രാഷ്ട്രീയ നാടകമാണെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ കിട്ടുന്നതിന് പിന്നിലടക്കം ഗൂഡാലോചനയുണ്ടെന്നും തൃശ്ശൂർ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പിയെ അപമാനിക്കാനുള്ള നീക്കമാണ് ഇതെന്നും രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമമാണിതെന്നും കെ.സുരേന്ദ്രൻ ആരോപിക്കുന്നു. പരാതിക്കാരന്റെ കോൾ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read more
കുഴൽപ്പണ കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകനെ ധർമരാജൻ ഫോണിൽ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.