കൊടകര കുഴൽപ്പണക്കേസ്: കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് ധർമ്മരാജൻ; 'സാമ്പത്തിക സഹായങ്ങൾ ചെയ്തു തന്നുവെന്ന് മൊഴി'

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് ധർമ്മരാജൻ. ചെറുപ്പത്തിൽ ആർഎസ്എസുകാരൻ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറയുന്നു. സാമ്പത്തിക സഹായങ്ങൾ ചെയ്തു തന്നുവെന്നും മൊഴിയുണ്ട്.

വാജ്പേയ് സർക്കാരിന്റെ കാലംമുതൽ സുരേന്ദ്രനുമായുള്ളത് നല്ല ബന്ധമാണെന്നും ധർമ്മരാജൻ നൽകിയ മൊഴിയിൽ പറയുന്നു. സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷൻ പ്രചരണത്തിന് വന്നപ്പോൾ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷൻ പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയിൽ മൂന്നു തവണ പോയെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറയുന്നു.

അതേസമയം ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസിൽ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്നതിൽ ഇന്ന് വ്യക്തത വരും. സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക. ഒരുതവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനാകുമോയെന്ന നിയമപ്രശ്‌നമാണ് നിലനില്‍ക്കുന്നത്. കേസിൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

Read more