ആശാ വർക്കർമാരുടെ സമരം ലോക്സഭയിൽ ഉന്നയിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ആശാ വർക്കർമാരുടെ സമരം ലോക്സഭയിൽ ഉന്നയിക്കാൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിക്കാനാണ് നോട്ടീസ് നൽകിയത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിച്ചു.

വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ഇരുപത്തി ഒമ്പതാം ദിവസത്തിലാണ്. വനിതാ ദിനത്തിലും വലിയ പിന്തുണയാണ് സമരത്തിന് ലഭിച്ചത്. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം തുടരുകയാണ്.

കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണ് ഇൻസെന്റീവ് ഉൾപ്പെടെ കുടിശികയായതെന്നും ആശാവർക്കർമാരെ തൊഴിലാളികളായി കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ കൂടുതൽ ആനുകൂല്യങ്ങൾ നൽകാനാകൂ എന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ബജറ്റിൽ അനുവദിച്ചതിലും തുക സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്ന് വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്രം.

Read more